രാജ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 2002ലെ ഗുജറാത്ത് കലാപം നമ്മുടെ പിഴവെന്ന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പറഞ്ഞിരുന്നതായി റോ (റിസർച്ച് അനലിസസ് വിങ്) മുൻ മേധാവി എ.എസ്.ദുലതിന്റെ വെളിപ്പെടുത്തല്‍. കശ്മീർ: ദി വാജ്പേയി ഇയേഴ്സ് എന്ന പുസ്തകത്തിലാണ് ഇദ്ദേഹം വിവാദമായേക്കവുന്ന് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 2002ലെ ഗോധ്‌ര കലാപം തെറ്റായിപ്പോയെന്നും ആ ദുഃഖം അദ്ദേഹത്തിന്റെ മുഖത്ത് വ്യക്തമായി കാണാമായിരുന്നെന്നും ദുലത് പറയുന്നു.
കൂടാതെ, 1999ലെ കാണ്ടഹാർ വിമാന റാഞ്ചലിന്റെ സമയത്ത് ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് (സിഎംജി) കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കാതെ ചർച്ചനടത്തുകയായിരുന്നു ചെയ്തതെന്നും ദുലത് ആരോപിക്കുന്നു. റാഞ്ചിയ വിമാനം ഇന്ധനം നിറയ്ക്കാനായി പഞ്ചാബിലെ അമൃത്സറിൽ ഇറക്കിയപ്പോൾ തീരുമാനമെടുക്കാൻ ആരും തയാറായില്ല. പഞ്ചാബ് പൊലീസ് ആക്രമണത്തിനു സജ്ജരായി നിൽക്കുകയായിരുന്നെങ്കിലും ഡൽഹിയിൽ നിന്നു ഉത്തരവു വരാത്തതിനാൽ അതിനു സാധിച്ചില്ല എന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രത്യേക ഉപദേഷ്ടാവായിരുന്നപ്പോൾ എടുത്ത തീരുമാനങ്ങളെയും നടപടികളെക്കുറിച്ചും ദുലത് പറയുന്നു. 2002ന്റെ തുടക്കത്തിൽ ഫാറൂഖ് അബ്ദുള്ളയെ ഉപരാഷ്ട്രപതിയാക്കാൻ തീരുമാനമെടുത്തിരുന്നു. വാജ്പേയിക്കു വേണ്ടി ബ്രജേഷ് മിശ്രയാണ് അബ്ദുല്ലയോട് ഇക്കാര്യം പറഞ്ഞത്. പിന്നീട് വാജ്പേയിയും എൽ.കെ. അഡ്വാനിയും ഇക്കാര്യം ആവശ്യപ്പെട്ടതായി അബ്ദുല്ല തന്നോടു പറഞ്ഞിട്ടുണ്ടെന്നും ദുലത് കൂട്ടിച്ചേർത്തു.
എന്നാൽ കേന്ദ്രം ഇക്കാര്യം നടപ്പാക്കുമെന്ന് തനിക്ക് ഉറപ്പില്ലെന്നും അബ്ദുള്ള അന്നു ദുലതിനോടു പറഞ്ഞിരുന്നു. ക്രിഷൻ കാന്ത് രാഷ്ട്രപതിയാകുമ്പോൾ അബ്ദുല്ലയെ ഉപരാഷ്ട്രപതിയാക്കാനായിരുന്നു പദ്ധതി. എന്നാൽ അതു നടന്നില്ലെന്നും ദുലത് പുസ്തകത്തിൽ പറയുന്നു.