തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാന മന്ത്രി നരേന്ദ്ര മൊഡി ഉയര്‍ത്തിക്കാട്ടിയത് ഗുജറാത്ത് മാതൃകയില്‍ രാജ്യമെങ്ങും വികസനമെത്തിക്കുമെന്നായിരുന്നു. അന്നുതന്നെ പല പ്രതിപക്ഷങ്ങളിം ഇത് പൊള്ളയാണെന്നും മൊഡി സ്വപ്നവ്യാപാരിയാണെന്നും ആക്ഷേപിച്ചിരുന്നു. എന്നാല്‍ ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ ഗുജറാത്ത് വികസന മാതൃകയിലെ പൊള്ളത്തരം കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പൊളിച്ചടുക്കി.
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി സിഎജി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഗുജറാത്തിലെ ശോച്യാവസ്ത പുറത്തുകൊണ്ടുവന്നത്. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2008-13 കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് സിഎജി വിലയിരുത്തിയത്. വിദ്യാഭ്യാസം, ഭവനനിര്‍മ്മാണം, സമ്പുര്‍ണ്ണ ശുചിത്വ മിഷന്‍, ഖരമാലിന്യ സംസ്കരണം തുടങ്ങിയ കാര്യങ്ങളില്‍ ഗുജറാത്ത് പരാജയപ്പെട്ടു എന്നാണ് സിഎജി റിപ്പോര്‍ട്ട് പറയുന്നത്.
സംസ്ഥാനം തങ്ങളുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന പലതും പെരുപ്പിച്ചുകാണിച്ചതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ‘ഓരോ വീട്ടിലും ശൗചാലയം’ എന്ന പദ്ധതിയാണ് ഇതിന് ഉദാഹരണമായി റിപ്പോര്‍ട്ടിലുള്ളത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് ഈ പദ്ധതിക്കായി അനുവദിച്ച തുക കണക്കാക്കിയാണ് മുഴുവന്‍ വീടുകളിലും ശൗചാലയം യാഥാര്‍ഥ്യമായി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. നിര്‍മിച്ച ശൗചാലയങ്ങളുടെ എണ്ണം നോക്കിയല്ല. ശുചിത്വ പദ്ധതി പൂര്‍ത്തീകരിക്കാനായത് 46 ശതമാനം സ്ഥലങ്ങളില്‍ മാത്രമാണ്. സംസ്ഥാനത്തെ വിദ്യാലയങ്ങളിലാകെ, 40,000ലധികം കക്കൂസുകള്‍ നിര്‍മിക്കുന്ന പദ്ധതിയും പാതിവഴിയിലാണ്. ഗുജറാത്തില്‍ ഇപ്പോഴും 5000ലധികം അങ്കവാടികള്‍ മൂത്രപ്പുരകളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഖര മാലിന്യ സംസ്കരണത്തിലും സംസ്ഥാനം വീഴ്ച വരുത്തി. 159 മുനിസിപ്പാലിറ്റികളില്‍ 123ലും മാലിന്യ സംസ്കരണത്തിനുള്ള സൗകര്യമൊരുക്കാനായിട്ടില്ളെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കൂടാതെ വിദ്യാഭ്യാസ മേഖലയിലും അന്നത്തെ ബിജെപി സര്‍ക്കാര്‍ പരാജയമായിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു. അനുവദിച്ച ഫണ്ട് വിനിയോഗിക്കാത്തതിനാല്‍ സര്‍വശിക്ഷാ അഭിയാനില്‍ നീക്കിവച്ച തുക വെട്ടിക്കുറയ്‌ക്കേണ്ട അസാധാരണ അനുഭവം ഗുജറാത്തില്‍ ഉണ്ടായി. ആവശ്യത്തിന് അദ്ധ്യാപകരും കെട്ടിടസൗകര്യങ്ങളുമില്ലാത്ത നിരവധി പ്രൈമറിസ്‌കൂളുകള്‍ സംസ്ഥാനത്തുണ്ട്. 2013ലെ കണക്കുപ്രകാരം ഒരു അദ്ധ്യാപകന്‍ പോലുമില്ലാത്ത 57 പ്രൈമറി വിദ്യാലയങ്ങളും 223 യു.പി.വിദ്യാലയങ്ങളും സംസ്ഥാനത്തുണ്ടായിരുന്നു. 357 പ്രൈമറിവിദ്യാലയങ്ങളിലും 678 യു.പി. വിദ്യാലയങ്ങളിലും ഒരു അദ്ധ്യാപകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും സിഎജി റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. കൂടാതെ തോട്ടിപ്പണി ഇപ്പോഴും നിലനില്‍ക്കുന്ന അപൂര്‍വ്വം സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്തെന്നും സിഎജി കുറ്റപ്പെടുത്തുന്നുണ്ട്.