ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഫണ്ട് തട്ടിപ്പ്; ടീസ്ത സെതല്‍വാദ് അറസ്റ്റിലാകും

Webdunia
വ്യാഴം, 12 ഫെബ്രുവരി 2015 (15:35 IST)
2002ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഫണ്ട് തട്ടിപ്പ് നടത്തിയ കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ് ഉടന്‍ അറസ്റ്റിലാകും. 2002ല്‍ കൂട്ടക്കൊല നടന്ന ഗുല്‍ബര്‍ഗ സൊസൈറ്റി മ്യൂസിയമാക്കുന്നതിനായും, കലാപത്തിലെ ഇരകള്‍ക്ക് നല്‍കുന്നതിനായും പിരിച്ചെടുത്ത 1.51 കോടി രൂപ തട്ടിയെടുത്തെന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. ഇവരുടെ ഭര്‍ത്താവ് ജാവേദ് ആനന്ദും ഈ കേസില്‍ പ്രതിയാണ്. 2014 ജനുവരി അഞ്ചിനാണ് ഇവര്‍ക്കെതിരെ എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്തത്.
 
ഇരകള്‍ക്ക് നല്‍കാന്‍ എന്നപേരില്‍ പണം പിരിച്ച മുന്‍ കോണ്‍ഗ്രസ് എം.പിയും കലാപത്തില്‍ കൊല്ലപ്പെടുകയും ചെയ്ത എഹ്സാന്‍ ജഫ്രിയുടെയും സാക്കിയ ജഫ്രിയുടെ മകന്‍ തന്‍വീര്‍ ജഫ്രി, ഗുല്‍ബര്‍ഗ് സൊസൈറ്റി സെക്രട്ടറി ഫിറോസ് ഗുല്‍സാര്‍, ചെയര്‍മാന്‍ സലിം സന്ധി എന്നിവര്‍ക്കെതിരേയും കേസുണ്ട്. അറസ്റ്റ് ഒഴിവാക്കാനായി ടിസ്ത നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെ ഇവരെ ആസ്റ്റ് ചെയ്യാനുള്ള നടപടികളുമായി ഗുജറാത്ത് പൊലീസ് മുന്നൊട്ട് പോവുകയാണ്.
 
പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാല്‍ തന്നെ ഫണ്ട് തട്ടിപ്പ് നടന്നതായി പ്രഥമദൃഷ്ട്യാ കരുതേണ്ടിയിരിക്കുന്നു എന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി ഗുജറാത്ത് മുംബ ക്രൈംബ്രാഞ്ചിന്റെ സഹായം തേടിയിരുന്നു. മുംബയിലെ വീട്ടില്‍ ടീസ്തയ്ക്കായി പരിശോധന നടത്തിയെങ്കിലും അവര്‍ അവിടെ നിന്ന് മുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.