"വോട്ടർ ഐ‌ഡിയെ ആധാറുമായി ബന്ധിപ്പിക്കണം" നിയമനിർമാണത്തിനൊരുങ്ങി കേന്ദ്രസർക്കാർ

അഭിറാം മനോഹർ
വെള്ളി, 24 ജനുവരി 2020 (20:35 IST)
ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കാനുള്ള നിയമനിർമാണത്തിന് കേന്ദ്രം ശ്രമിക്കുന്നതായി റിപ്പോർട്ട്. വോട്ടർ തിരിച്ചറിയൽ രേഖയെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശത്തിന് പിന്നാലെയാണ് കേന്ദ്രം സുപ്രധാനമായ രണ്ട് രേഖകളും ബന്ധിപ്പിക്കാൻ ആലോചിക്കുന്നതെന്ന് വാർത്താ ഏജൻസിയായ ഐ എഎൻ എസ് റിപ്പോർട്ട് ചെയ്തു.
 
വോട്ടർ ഐഡിയെ ആധാറുമായി ബന്ധിപ്പിക്കണമെങ്കിൽ 1951ലെ ജനപ്രാതിനിധ്യനിയമത്തിൽ ഭേദഗതി വരുത്തണം. ഇതിനായുള്ള കരടാണ് നിയമമന്ത്രാലയം ഇപ്പോൾ തയ്യാറാക്കുന്നത്.ബജറ്റ് സമ്മേളനം നടക്കുന്ന ജനുവരി 31ന് മുൻപ് കരട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ക്യാബിനറ്റ് സമിതിക്ക് മുൻപിൽ സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
 
പുതിയ വോട്ടർമാർ പേര് ചേർക്കുമ്പോൾ ആധാർ വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനെ അധികാരപ്പെടുത്തുന്നതാണ് ഭേദഗതി. വോട്ടർ പട്ടികയിലെ ഇരട്ടിപ്പും കള്ളത്തരങ്ങളും ഒഴിവാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ കരുതുന്നത്. വോട്ടർ പട്ടിക കുറ്റമറ്റതാക്കാൻ കമ്മീഷൻ 2015ൽ തുടക്കമിട്ട പദ്ധതിയിൽ വോട്ടർമാരുടെ ആധാർ വിവരങ്ങൾ ശേഖരിക്കാൻ നിർദേശിക്കുകയും ഇതനുസരിച്ച് 30 കോടി വോട്ടർമാരുടെ ആധാർ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭക്ഷ്യ പൊതുവിതരണം,പാചക വാതകം തുടങ്ങിയ സർവീസുകൾക്കല്ലാതെ ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീം കോടതിവിധിയോടെ കമ്മീഷൻ ഈ പദ്ധതി നിർത്തിവെക്കുകയായിരുന്നു.
 
നിയമഭേദഗതിയില്ലാതെ ഇത് മുന്നോട്ട് കൊണ്ടുപോവാനില്ലെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ഇപ്പോൾ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാൻ ഒരുങ്ങുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article