മോഡി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ തുടങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്റര്‍നെറ്റ്, ഫോണ്‍ രേഖകള്‍ എന്നിവ ചോര്‍ത്താന്‍ രാജ്യത്തെ രഹസ്യാന്വേഷണ, പൊലീസ് ഏജന്‍സികള്‍ക്ക് നിയമപരമായ അധികാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ വ്യക്‌തികളുടെ ഫോണ്‍, നെറ്റ് വിവരങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കുന്ന സെന്‍ട്രല്‍ മോണിട്ടറിംഗ് സിസ്‌റ്റം (സിഎംഎസ്) കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.
സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ ഏതെങ്കിലും കേസുകളുമായി ബന്ധപ്പെട്ട് ഏത് അന്വേഷണ ഏജന്‍സികളും ആവശ്യപ്പെട്ടാല്‍ സേവനദാതാക്കള്‍ക്ക് സിഎംഎസ് വഴി വിവരം നല്‍കേണ്ടതായി വരും. സംശയാസ്‌പദമായ സാഹചര്യത്തില്‍ ഒമ്പതു സംസ്‌ഥാന ഏജന്‍സികള്‍ക്ക് വ്യക്‌തികളുടെ വിളികളും മെയിലുകളും ചോര്‍ത്താന്‍ അധികാരം നല്‍കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.