ആറരക്കോടിയുടെ സ്വര്‍ണവുമായി മലയാളികള്‍ പിടിയില്‍

Webdunia
തിങ്കള്‍, 12 മെയ് 2014 (15:04 IST)
മുംബൈ വിമാനത്താവളത്തില്‍ ദുബായില്‍ നിന്ന് വന്ന മലയാളികളായ രണ്ട് പേരെ  25 കിലോ സ്വര്‍ണ്ണവുമായി പിടികൂടി. ഞായറാഴ്ച രാവിലെയാണ് വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് അധികൃതര്‍ ഇവരെ പിടികൂടിയത്.

കാസര്‍കോട് സ്വദേശികളായ മുഹമ്മദ് അബൂബക്കര്‍, മാവിന്‍കീഴില്‍ അസ് ലം എന്നിവരാണ് പിടിയിലായത്. എയര്‍പോര്‍ട്ട് ക്ലീനിങ് ജീവനക്കാരുടെ യൂണിഫോം അണിഞ്ഞ് പുറത്തേക്ക് പോകാന്‍ ശ്രമിക്കവേയാണ് ഇവരെ ഇന്റലിജന്‍സ് അധികൃതര്‍ പിടികൂടിയത്.

പിടികൂടിയ സ്വര്‍ണത്തിന് ആറരക്കോടിയിലേറെ രൂപ വില വരും. അബൂബക്കറിന്റെ ബാഗില്‍ ഒരു കിലോ വീതം തൂക്കംവരുന്ന 13 ബിസ്‌കറ്റുകളും നൂറു ഗ്രാം വീതം തൂക്കംവരുന്ന രണ്ട് ബിസ്‌കറ്റുകള്‍ കീശയിലുമായിരുന്നു സൂക്ഷിച്ചിരുന്നത്.

അസ്‌ലത്തിന്റെ ബാഗില്‍നിന്ന് ഒരു കിലോ വീതം തൂക്കമുള്ള 12 സ്വര്‍ണ ബിസ്‌കറ്റുകളും പാന്റിന്റെ പോക്കറ്റില്‍ല്‍നിന്ന് 100 ഗ്രാം വീതം തൂക്കം വരുന്ന രണ്ട് ബിസ്‌കറ്റുകളും കണ്ടെടുത്തു. അവരെ കൂടുതല്‍ വിവരങ്ങള്‍ക്കായി ചോദ്യം ചെയ്തു വരുന്നു.