തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ നിലയില്‍, ജിഡിപിയും കുറഞ്ഞു - കണക്കുകള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

Webdunia
വെള്ളി, 31 മെയ് 2019 (20:31 IST)
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 45 വർഷത്തിലെ ഏറ്റവുമുയർന്ന നിരക്കിലാണെന്ന കണക്ക് ശരിവച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം. രാജ്യത്തെ ജനങ്ങളില്‍ 6.1 ശതമാനം പേരും തൊഴില്‍ രഹിതരാണെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവന്നു.

നഗര പ്രദേശങ്ങളിലെ 7.8 ശതമാനം യുവാക്കളും തൊഴില്‍ രഹിതരാണ്. സ്സ്ഗ്രാമീണ യുവാക്കളില്‍ 5.3 ശതമാനം പേരും തൊഴില്‍ രഹിതരാണ്. പുരുഷന്മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ 6.2 ശതമാനമാണ്. 5.7 ശതമാനമാണ് രാജ്യത്തെ സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ.

2017-18 വർഷത്തെ കണക്കാണ് ഇപ്പോൾ ഔദ്യോഗികമായി പുറത്തു വന്നിരിക്കുന്നത്. രാജ്യത്തെ ജിഡിപിയും അഞ്ചുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 5.8 ശതമാനമാണ് രാജ്യത്തെ ജിഡിപി.

ജനുവരിയിൽ മാധ്യമങ്ങളിലൂടെ ചോർന്ന കരട് റിപ്പോർട്ടിൽ രാജ്യത്തെ 6.1% പേർക്ക് തൊഴിലില്ലെന്ന കണക്കുകൾ പുറത്തു വന്നിരുന്നു. എന്നാൽ അന്ന് ഇത്, നീതി ആയോഗ് വൈസ് ചെയർമാനടക്കം നിഷേധിക്കുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പുതിയ മന്ത്രിസഭാരൂപീകരണം കഴിഞ്ഞ ശേഷം മാത്രമാണ് മന്ത്രാലയം ഈ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിടുന്നതെന്നത് ശ്രദ്ധേയമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article