മുംബൈയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കണം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കത്ത് നല്‍കി ശിവസേന നേതാവ്

സിആര്‍ രവിചന്ദ്രന്‍

ശനി, 24 മെയ് 2025 (20:54 IST)
മുംബൈയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കത്ത്. ശിവസേന നേതാവും സാമൂഹ്യ മാധ്യമങ്ങളുടെ ചുമതലയുമുള്ള രാഹുല്‍ കനല്‍ ആണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്‌നാവിസ് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ , ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് കത്തയച്ചത്.
 
ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുന്നത് വരെ തുര്‍ക്കിയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തില്‍ മുംബൈയ്ക്ക് പ്രധാന സ്ഥാനമാണുള്ളത്. ഇന്ത്യയുടെ ടൂറിസം മേഖലയ്ക്ക് തന്നെ വലിയ സംഭാവന നല്‍കുന്ന നഗരമാണ് മുംമ്പെ. തുര്‍ക്കിയില്‍ ടൂറിസ്റ്റുകളായി എത്തുന്നത് പ്രധാനമായും ഇന്ത്യക്കാരാണ്. എന്നാല്‍ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിനെതിരായി പാക്കിസ്ഥാന് പിന്തുണ നല്‍കിയിരിക്കുന്ന തുര്‍ക്കിയിലേക്ക് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ എത്തുന്നത് തടയേണ്ടതാണ്. ഇതിനായി മുംബൈയില്‍ നിന്നും തുര്‍ക്കിയിലേക്കുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് രാഹുല്‍ കത്തില്‍ പറയുന്നു. 
 
അതേസമയം 40 വര്‍ഷത്തിനിടെ പാക് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 20000ലധികം ഇന്ത്യക്കാരാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസിഡര്‍ പര്‍വ്വതനേനി ഹരീഷ് പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് ഇന്ത്യയുടെ ഭാഗം വ്യക്തമാക്കിയത്. സിന്ധുനദി ജല കരാര്‍ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ നല്‍കിയത് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളാണെന്ന് അംബാസിഡര്‍ സഭയില്‍ പറഞ്ഞു. പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് നല്‍കിവരുന്ന പിന്തുണ അവസാനിപ്പിക്കാതെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 22ന് ജമ്മുകാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താനെതിരെ ഇന്ത്യയുടെ കടുത്ത നടപടി ഉണ്ടായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍