ഹിന്ദു യുവതിക്കൊപ്പം മാളിൽ സിനിമ കണ്ടതിന് മുസ്ലിം യുവാവിന് മര്‍ദ്ദനം; പ്രതികൾക്ക് 21000 രൂപ വീതം പിഴ വിധിച്ച് കോടതി

റെയ്നാ തോമസ്

ഞായര്‍, 13 ഒക്‌ടോബര്‍ 2019 (12:08 IST)
ഹിന്ദുമതത്തിൽപെട്ട യുവതിക്കൊപ്പം മംഗളുരുവിലെ മാളിൽ സിനിമ കണ്ടതിന് മുസ്ലിം യുവാവ് മർദ്ദിക്കപ്പെട്ട സംഭവത്തിൽ അഞ്ച് പ്രതികൾക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. പ്രതികൾ എല്ലാവരും 21000 രൂപ വീതം പിഴ നൽകണം. തുക നൽകിയില്ല എങ്കിൽ എട്ടുമാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി പറഞ്ഞു. മാളിൽ ആക്രമണത്തിന് ഇരയായ യുവതിയാണ് പോലീസിൽ പരാതി നൽകിയത്.
 
ഫോറം ഫിസ മാളിലെ ജീവനക്കാരായിരുന്ന ചേതൻ, രക്ഷത് കുമാർ, അശ്വിൻ രാജ്, സന്തോഷ് ഷെട്ടി, ശരത് കുമാർ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.സോഷ്യൽ മീഡിയായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഉഡുപ്പി സ്വദേശിനിയായ യുവതിയും മണിപ്പാൽ സ്വദേശിയായ യുവാവും 2016 ഏപ്രിൽ നാലിനാണ് പ്രതികൾ ജോലിചെയ്യുന്ന മാളിൽ സിനിമ കണാനെത്തിയത്.
 
സിനിമ കണ്ടശേഷം ഇവർ വീടുകളിലേക്ക് മടങ്ങാൻ വാഹനം കാത്തിരിക്കുമ്പോഴാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. പ്രതികൾ യുവാവിനെ ആളൊഴിഞ്ഞ വഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഉടൻതന്നെ പെൺകുട്ടി മംഗളുരു സൗത്ത് പോലീസ് സ്റ്റേഷനിൽ ഓടിപ്പോയി സഹായം അഭ്യർത്ഥിച്ചുകൊണ്ട് പരാതി നൽകി. മർദ്ദനമേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.കേസ് പരിഗണിച്ച കോടതി 11ഓളം സാക്ഷികളെയാണ് വിസ്തരിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍