രാജ്യം പന്നിപ്പനി ഭീതിയില്‍, മരണം 300 കടന്നു

Webdunia
തിങ്കള്‍, 16 ഫെബ്രുവരി 2015 (18:01 IST)
രാജ്യത്ത് പന്നിപ്പനി ബാധ അതിവേഗം പടരുന്നു. പനി നിയന്ത്രിക്കുന്നതില്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. പ്ന്നിപ്പനി ബാധിച്ച മരിച്ചവരുടെ എണ്ണം 300 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജസ്‌ഥാന്‍, ഗുജറാത്ത്‌, ഉത്തര്‍ പ്രദേശ്‌ എന്നിവിടങ്ങിലാണ് കൂടുതല്‍ പന്നിപ്പനി മരണങ്ങളും റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. രാജസ്‌ഥാനില്‍ ഈ വര്‍ഷം 153 പേര്‍ പന്നിപ്പനി ബാധിച്ച്‌ മരണമടഞ്ഞു. 2167 പേര്‍ക്കാണ്‌ സംസ്‌ഥാനത്ത്‌ ഇതുവരെ പന്നിപ്പനി സ്‌ഥിരീകരിച്ചിട്ടുള്ളത്‌.
 
ഗുജറാത്തില്‍ മരണം 144 നു മുകളില്‍ എത്തിയിരിക്കുകയാണ്. കൂടുതല്‍ പേര്‍ക്കു പന്നിപ്പനി സ്‌ഥിരീകരിച്ചതോടെ രാജ്യത്ത് മരണനിരക്ക്‌ ഇനിയും കൂടാനാണ്‌ സാധ്യത. ഇതോടെ പനിബാധിത സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്. ലക്‌നൗവില്‍ ഏഴ്‌ പനിബാധിത കേസുകൂടി രജിസ്‌റ്റര്‍ ചെയ്‌തതോടെ ഉത്തര്‍ പ്രദേശിലെ പനി ബാധിതരുടെ എണ്ണം 69 ആയി ഉയര്‍ന്നു. ഇതുവരെ മൂന്ന്‌ പനി മരണങ്ങളാണ്‌ സംസഥാനത്ത്‌ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്‌.
 
അതേസമയം രാജ്യത്തിന്റെ ടൂറിസം വരുമാനത്തെ പനിബാധ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഇതുവരെ 5,500 കോടി രൂപയുടെ നഷ്‌ടമാണ്‌ ഈ ഇനത്തില്‍ കണക്കാക്കപ്പെടുന്നത്‌. രാജസ്‌ഥാനിലെയും മഹാരാഷ്‌ട്രയിലെയും ഗുജറാത്തിലെയും ടൂറിസത്തെ പന്നിപ്പനി പ്രതികൂലമായി ബാധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്‌. പന്നിപ്പനി നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ രാജ്യത്ത് മറ്റൊരു ഗുരുതരമായ സാമ്പത്തിക പ്രശ്നം തന്നെ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.