വീണ്ടും ദുരഭിമാനക്കൊല. കുടുംബത്തിന്റെ അഭിമാനം രക്ഷിക്കാന്‍ തെലുങ്കാനയില്‍ അച്ഛന്‍ മകളെ വെട്ടിക്കൊന്നു. പത്തൊന്പതുകാരിയായ സ്വപ്നയാണ് അച്ഛന്റെ ദുരഭിമാനത്തിന് ഇരയായത്. ജില്ലയിലെ തുംഗത്തൂര്‍ത്തി മണ്ഡലിലെ ഗനുഗുഗോണ്ട ഗ്രാമത്തിലാണ് സംഭവം.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: ബിരുദത്തിനു പഠിക്കുന്ന സ്വപ്നയും അന്യജാതിക്കാരനും ഓട്ടോഡ്രൈവറുമായ പ്രവീണുമായി വളരെ കാലമായി പ്രണയത്തിലായിരുന്നു. ഇതിനെ സ്വപ്നയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് സ്വപ്ന പ്രവീണിനൊപ്പം കഴിഞ്ഞ ജൂലൈ 15ന് ഒളിച്ചോടി പോയി. അടുത്ത ദിവസം ഭദ്രചലാമ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ച ശേഷം ഇരുവരും പതിനഞ്ച് ദിവസത്തോളം ഹൈദ്രാബാദില്‍ താമസിച്ചു. അതിനു ശേഷം ആഗസ്റ്റ് ഒന്നിന് ഇവര്‍ തിരികെ ഗനുഗുഗോണ്ടയിലെ പ്രവീണിന്റെ വീട്ടിലെത്തി.
ശനിയാഴ്ച രാവിലെ സ്വപ്നയുടെ വീട്ടുകാര്‍ പ്രവീണിന്റെ വീട്ടിലെത്തി ഇവരുടെ വിവാഹം അംഗീകരിച്ചതായി പറഞ്ഞു. ഇതോടൊപ്പം ഞായറാഴ്ച നടക്കുന്ന രക്ഷാബന്ധന്‍ ചടങ്ങില്‍ പങ്കെടുക്കാനായി മകളെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. മകള്‍ വീട്ടിലെത്തി മിനിറ്റുകള്‍ക്കകം ലിങ്കമാലു അവളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം ഇയാള്‍ ഒളിവിലാണ്. തുംഗത്തൂര്‍ത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.