ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ഭാര്യയോടുള്ള ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി
ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ഭാര്യയോടുള്ള ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത് ഭാര്യയെ ആത്മഹത്യക്ക് പ്രേരിപ്പിക്കും വിധമുള്ള ക്രൂരതയായി കാണാനാവില്ലെന്നാണ് സുപ്രീം കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധംമൂലമാണ് യുവതി മരിക്കാന്‍ ഇടയായതെന്നു കാട്ടി സ്ത്രീയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് കോടതി വിധി.
ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടായതിനെ തുടര്‍ന്ന് ഇരുവരും വഴക്കിടുകയും വിവാഹ മോചനത്തിന് ഒരുങ്ങുകയും ചെയ്തിരുന്നു. ഭര്‍തൃവീട് വിടുകയാണെന്ന് കാട്ടി യുവതി സഹോദരിക്ക് ഫോണ്‍ ചെയ്തതായും പറയുന്നു. എന്നാല്‍ പിന്നീടവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍ത്താവും ഭാര്യയും ഒരു വീട്ടില്‍ രണ്ടായിട്ടാണ് കഴിഞ്ഞിരുന്നത്. ഭര്‍ത്താവ് ഭാര്യയെ മാനസീകമായി പീഢിപ്പിച്ചെന്ന ആരോപണം തെളിയിക്കപ്പെടാന്‍ കൂടുതല്‍ തെളിവുകള്‍ വേണമെന്ന് കോടതി പറഞ്ഞു. നേരത്തെ ഈ കേസില്‍ ഭര്‍ത്താവിനെ കീഴ്‌കോടതി ശിക്ഷിച്ചിരുന്നു. ഈ വിധി സുപ്രീം കോടതി റദ്ദാക്കി.