ആർ കെ നഗറിൽ വീണ്ടും ട്വിസ്റ്റ്; കുത്തിയിരുപ്പ് സമരത്തിനൊടുവിൽ വിശാലിന്റെ പത്രിക സ്വീകരിച്ചു, വിശാൽ പോയതും രണ്ടാമതും പത്രിക തള്ളി

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2017 (09:13 IST)
ആര്‍ കെ നഗറില്‍ വന്‍ ട്വിസ്റ്റ്. നടന്‍ വിശാലിന്‍റെ നാമനിര്‍ദ്ദേശ പത്രിക നാടകീയതയ്ക്കൊടുവിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ സ്വീകരിച്ചു. എന്നാൽ, മണിക്കൂറുകൾക്കകം വീണ്ടും തള്ളി. ആദ്യം പത്രിക തള്ളിയതിനെ തുടര്‍ന്ന് വിശാലും സംഘവും നടത്തിയ പ്രതിഷേധത്തിനൊടുവിലായിരുന്നു പത്രിക സ്വീകരിച്ചത്. ഈ സന്തോഷം വിശാൽ ഔദ്യോഗികമായി പങ്കുവെച്ചതിനുശേഷമാണ് പത്രിക വീണ്ടും തള്ളിയത്.
 
ഒരു പാർട്ടികളുടെയും പിന്തുണയി‌ല്ലാതെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് വിശാലെത്തിയത്. നാമനിർദേശ പത്രിക അംഗീകരിച്ചെന്നും തെരഞ്ഞെടുപ്പിൽ താൻ ഉണ്ടാകുമെന്നും വിശാൽ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, ഇതിനു മണിക്കൂറുകൾ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു.  
 
ആര്‍ കെ നഗറില്‍ നിന്ന് വിശാലിനെ പിന്തുണച്ചുകൊണ്ടുള്ള പത്ത് പ്രതിനിധികളുടെ കൈയൊപ്പില്‍ ഉണ്ടായ അവ്യക്തതയാണ് വിശാലിന്‍റെ പത്രിക ആദ്യം തള്ളാന്‍ കാരണമായത്. വിശാലിനെ പിന്തുണയ്ക്കുന്നതില്‍ നിന്ന് രണ്ടുപേര്‍ പെട്ടെന്ന് പിന്‍‌മാറിയതോടെയാണ് പത്രിക തള്ളിയത്. എന്നാല്‍ ഭീഷണിപ്പെടുത്തിയാണ് ഈ രണ്ടുപേരെ പിന്‍‌വലിപ്പിച്ചതെന്ന് തെളിയിക്കാന്‍ വിശാലിന് കഴിഞ്ഞതോടെയാണ് കമ്മീഷന്‍ പത്രിക സ്വീകരിക്കാന്‍ തയ്യാറായത്.
 
പത്രിക തള്ളിയതില്‍ പ്രതിഷേധിച്ച് തണ്ടയാര്‍പേട്ടൈ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വിശാലിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ആര്‍ കെ നഗറില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.  ജയലളിതയുടെ ബന്ധുവായ ദീപ ജയകുമാറിന്‍റെ പത്രികയും തള്ളിയിട്ടുണ്ട്. 
 
വിശാലിനെതിരായ നടപടികള്‍ രാഷ്ട്രീയ നീക്കമാണെന്നാണ് വിശാല്‍ അനുകൂലികള്‍ ആരോപിക്കുന്നത്. വിശാല്‍ മത്സരിച്ചാല്‍ എഐഡിഎംകെ, ഡിഎംകെ കക്ഷികളുടെ വോട്ടില്‍ ഭിന്നിപ്പുണ്ടാകുമെന്ന് ഉറപ്പാണ്. നിലവില്‍ സിനിമാ പ്രൊഡ്യൂസേഴ്സ് കൌണ്‍സില്‍ പ്രസിഡന്‍റും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമാണ് വിശാല്‍.
Next Article