വിവാഹത്തിനു മുമ്പ് സെക്സ് വേണോയെന്ന് തീരുമാനിക്കേണ്ടത് പെണ്‍കുട്ടി; വിവാഹവാഗ്‌ദാനം നല്കി പീഡിപ്പിച്ചെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി
വിവാഹവാഗ്‌ദാനം നല്കി പീഡിപ്പിച്ചു എന്ന പരാതികള്‍ വ്യാപകമായി വരുന്നതിനിടെ വ്യത്യസ്തമായ വിധിയുമായി മുംബൈ ഹൈക്കോടതി. എല്ലാ ബലാത്സംഗ പരാതികളിലും വിവാഹവാഗ്‌ദാനം നല്കി പീഡിപ്പിച്ചു എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 21 വയസ്സുകാരനായ യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഇങ്ങനെ പറഞ്ഞത്.
കാമുകിയായിരുന്ന പെണ്‍കുട്ടി പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് യുവാവിനെതിരെ ബലാത്സംഗം ആരോപിച്ച് പരാതി നല്കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് മൃദുല ഭത്‌കര്‍, സ്വന്തം തീരുമാനം അനുസരിച്ച് ആയിരിക്കണം വിദ്യാഭ്യാസയായ പെണ്‍കുട്ടി വിവാഹത്തിനു മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടതെന്ന് വ്യക്തമാക്കി.
പ്രണയത്തിലായിരിക്കുമ്പോള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പെണ്‍കുട്ടി സമ്മതം നല്കുകയും എന്നാല്‍ ബന്ധം തകരുമ്പോള്‍ പീഡന ആരോപണം ഉയര്‍ത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. വിവാഹവാഗ്‌ദാനം നല്കുന്നത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുമതി നല്കുന്ന ഒന്നല്ലെന്നും ജസ്റ്റിസ് ഭത്‌കര്‍ പറഞ്ഞു.
വിവാഹം വരെ പെണ്‍കുട്ടികള്‍ കന്യാകത്വം കാത്തുസൂക്ഷിക്കണമെന്നത് പണ്ടുകാലങ്ങളില്‍ ഒരു ഉത്തരവാദിത്തം ആയിരുന്നു. എന്നാല്‍, കാലം മാറിയത് അനുസരിച്ച് സന്മാര്‍ഗികതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും മാറി. എന്നാല്‍, പ്രണയത്തിലാകുമ്പോള്‍ ആണ്‍കുട്ടിക്ക് സെക്സ് ആസ്വദിക്കാന്‍ അവകാശമുള്ളതു പോലെ പെണ്‍കുട്ടിക്കും അതിനുള്ള അവകാശം ഉണ്ട്. എന്നാല്‍, പ്രണയം തകരുമ്പോള്‍ പെണ്‍കുട്ടികള്‍ ഇത് മറക്കുകയാണെന്നും അവര്‍ പറഞ്ഞു.
വിദ്യാസമ്പന്നയും പ്രായപൂര്‍ത്തിയുമായ ഒരു പെണ്‍കുട്ടി വിവാഹത്തിനു മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ബോധവതി ആയിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.