എബോള: ഇന്ത്യയില്‍ 821 പേര്‍ക്ക് രോഗലക്ഷണം

Webdunia
വ്യാഴം, 28 ഓഗസ്റ്റ് 2014 (13:05 IST)
വിദേശത്ത് നിന്ന് തിരിച്ചെത്തിയ 821 ഇന്ത്യാക്കാര്‍ക്ക് എബോള വൈറസ് ബാധ ലക്ഷണങ്ങളുണ്ടെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം. എന്നാല്‍ എല്ലാവരിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും. 
 
ഓഗസ്റ്റ് 25-ന് ശേഷം ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ എത്തിയ 148 യാത്രക്കാരില്‍ എബോള ലക്ഷണങ്ങള്‍ കണ്ടെത്തി. മുംബൈ എയര്‍പോര്‍ട്ടിലെത്തിയ 30 പേരിലും ഡല്‍ഹിയിലെത്തിയ 92 പേരിലും ബാംഗ്ലൂരിലെത്തിയ 15 പേരിലും കൊച്ചിയിലെത്തിയ എട്ട് പേരിലും ചെന്നൈയിലെത്തിയ മൂന്ന് പേരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തി. 
 
എബോള പടര്‍ന്ന രാജ്യങ്ങളില്‍ നിന്നെത്തുന്ന വിമാനങ്ങള്‍ പ്രത്യേക ബേയിലേക്ക് മാറ്റാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരെ അവിടെ വെച്ചുതന്നെ ആരോഗ്യപരിശോധന നടത്തും. പ്രത്യേക രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത യാത്രക്കാരെ ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് അയക്കും. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ആശുപത്രികളില്‍ പ്രത്യേകം തയ്യാറാക്കിയ വാര്‍ഡുകളിലേക്ക് മാറ്റും. 
 
ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ഇതുവരെ 2,615 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1427 പേര്‍ മരിച്ചു.