ഉണക്ക മുന്തിരിയില്‍ കാന്‍സറിന് കാരണമായേക്കാവുന്ന ക്ലോര്‍പൈറിഫോസ് എന്ന മാരക കീടനാശിനിയെന്ന് പഠന റിപ്പോര്‍ട്ട്. ശരീരത്തിനകത്ത് ചെന്നാല്‍ നാഡീരോഗങ്ങള്‍ക്കും ഗര്‍ഭിണികളില്‍ ഗര്‍ഭസ്ഥ ശിശുവിന്‍റെ മാനസിക വളര്‍ച്ച തടയുന്നതിനും കാരണമായ ക്ലോര്‍പൈറിഫോസ് എന്ന മാരക കീടനാശിനി അളവിലും കൂടുതലായി ഉപയോഗിച്ചതായി വെള്ളായണി കാര്‍ഷിക സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
സംസ്ഥാനത്തെ വിവിധ സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച ഉണങ്ങിയ മഞ്ഞ മുന്തിരിയാണ് പരിശോധനക്ക് വിധേയമാക്കിയത്. ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെ അംശം കൂടുതലായിട്ടാണ് ഉണക്ക മുന്തിരിയില്‍ കണ്ടെത്തിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ വീടുകളില്‍ ക്ലോര്‍പൈറിഫോസ് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ച പരിധിയിലും അപ്പുറമാണ് നിലവില്‍ ഉണക്ക മുന്തിരിയിലെ വിഷാംശത്തിന്‍റെ അളവെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.