എന്തുകൊണ്ട് മുസ്ലീങ്ങളെ ഒഴിവാക്കി? ചോദ്യവുമായി ബംഗാൾ ബിജെപി ഉപാധ്യക്ഷൻ

അഭിറാം മനോഹർ
ചൊവ്വ, 24 ഡിസം‌ബര്‍ 2019 (12:02 IST)
പൗരത്വ നിയമഭേദഗതിക്കെത്തിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭം നടക്കുമ്പോൾ തീരുമാനത്തിനെതിരെ ബി ജെ പിക്ക് അകത്തുനിന്നും വിമർശനങ്ങൾ ഉയരുന്നു. ബംഗാൾ ബി ജെ പി ഉപാധ്യക്ഷനും നേതാജി സുഭാഷ് ചന്ദ്രബോസിൻറ്റെ  സഹോദരന്റെ കൊച്ചുമകനുമായ ചന്ദ്രകുമാർ ബോസാണ് നിയമത്തിനെതിരെ ട്വിറ്ററിൽ പരാമർശം നടത്തിയത്. ഇന്ത്യ എല്ലാ മതങ്ങൾക്കുമായി തുറന്ന രാജ്യമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
 
ഏതെങ്കിലും ഒരു മതത്തിനെ ഉദ്ദേശിച്ചല്ല പൗരത്വ നിയമമെങ്കിൽ ഹിന്ദു,ജൈന,പാർസി,ക്രിസ്ത്യൻ എന്നീ മതങ്ങളെ മാത്രം നിയമത്തിൽ ഉൾപ്പെടുത്തിയത് എന്തുകൊണ്ടാണ് ? മുസ്ലീങ്ങളെ ഒഴിവാക്കിയത് എന്തുകൊണ്ടാണ്. നിയമവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതവേണമെന്നും ചന്ദ്രകുമാർ ബോസ് ട്വീറ്റിൽ പറയുന്നു.
 
 
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭങ്ങൾ രാജ്യമെങ്ങും നടക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദഗതി നിയമത്തിനെ പിന്തുണക്കുന്ന തരത്തിൽ ബി ജെ പി കൊൽക്കത്തയിൽ വമ്പൻ റാലി സംഘടിപ്പിച്ചത്. അതിന് പുറമേ സമൂഹമാധ്യമങ്ങളിൽ അടക്കം രാജ്യവ്യാപകമായി മുസ്ലീം സമുദായത്തിനിടയിൽ ബോധവത്കരണം നടത്താൻ പ്രവർത്തകർക്കും പാർട്ടി നിർദേശം നൽകിയിരുന്നു. അതിനിടെയാണ് പാർട്ടിക്കുള്ളിൽ നിന്നും വിയോജനശബ്ദം ഉയരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article