ചെയ്യേണ്ടത് ചെയ്യാതെ എന്റെ മേൽ പഴി ചാരുന്നു, വിവാദങ്ങൾക്ക് പുറകിൽ കെ ടി ജലീൽ എന്നു സംശയിക്കുന്നു; സംസ്ഥാന സർക്കാർ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് മേനകാ ഗാന്ധി
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമരശനവുമായി കേന്ദ്ര ശിശുവികസന വകുപ്പുമന്ത്രി മേനകാഗാന്ധി. തെരുവുനായ്ക്കളെ കൊല്ലുന്നതു ഫലപ്രദമായ മാർഗമല്ലെന്നു മേനക വ്യക്തമാക്കി. വന്ധ്യംകരണത്തിനായി കേന്ദ്രം നൽകിയ ഫണ്ട് കേരള സർക്കാർ ചെലവഴിക്കുന്നില്ല. 30 കോടി രൂപ കേന്ദ്രം ഇതിനായി നൽകിയിരുന്നു. എന്നാൽ ഉത്തരവാദിത്വങ്ങൾ ഒന്നും ചെയ്യാതെ തന്റെ മേൽ കുറ്റം ചുമത്തുകയാണ് കേരള സർക്കാർ ചെയ്യുന്നതെന്ന് മേനക വിമർശിച്ചു. തനിക്കെതിരെ ഉള്ള ആരോപണങ്ങൾക്ക് പുറകിൽ തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ ആണെന്നാണ് ലഭിക്കുന്ന വിവരമെന്നും മേനകാഗാന്ധി ആരോപിച്ചു.
എന്തുകൊണ്ടാണ് ഇത് കേരളത്തിൽ മാത്രം നടക്കുന്നത്. ചെന്നൈയിലും ഡൽഹിയിലും സമാനസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം പരിഹരിച്ചിട്ടുമുണ്ട്. എത്രയും പെട്ടന്ന് വന്ധ്യംകരണം നടത്തുകയാണ് ചെയ്യേണ്ടത്. എറണാകുളത്ത് ഇത് നല്ലരീതിയിൽ നടക്കുന്നുണ്ട്. കേരളത്തിലെ മറ്റു ജില്ലകളും ഇത് പാലിക്കേണ്ടതാണ്, മാതൃകയായി കണ്ട് ഈ നടപടി പിന്തുടരുകയാണ് വേണ്ടത്. വന്ധ്യംകരണത്തിൽ കേരളം ഉദാസീനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വന്ധ്യംകരണത്തിനായി കേന്ദ്രം നൽകിയ പണം എന്തുചെയ്തു?.
തന്നെ ഭീകരവാദിയാക്കി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് കേരളം. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കടൽത്തീരത്ത് സ്ത്രീ മരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. മാംസവുമായി പോയതുകൊണ്ടാണ് നായ്ക്കൾ ആക്രമിച്ചതെന്ന് താൻ പറഞ്ഞിട്ടില്ല. ആക്രമത്തിന് പരിഹാരമായി തെരുവ്നായ്ക്കളെ കൊന്നൊടുക്കുന്നത് നിയമലംഘനമാണ്. കേരളം നിയമം പാലിച്ചില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കും. നിയമം പാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. മനുഷ്യാവകാശങ്ങളും മൃഗങ്ങളുടെ അവകാശങ്ങളും തമിൽ എന്താണ് വ്യത്യാസം. കേരളം ഉത്തരവാദിത്വം നിറവേറ്റാതെ മറ്റാരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നിയമം പാലിച്ചാൽ ഒരു പ്രശ്നവും ഉണ്ടാകില്ല. അതല്ല മറിച്ചാണെങ്കിൽ പ്രശ്നമുണ്ടാകുമെന്നും മേനകാ ഗാന്ധി ഏഷ്യാനറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.