മോഡിയുടെ സ്വപ്ന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് തുടക്കമായി

Webdunia
ബുധന്‍, 1 ജൂലൈ 2015 (19:09 IST)
കേന്ദ്രസര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ഡല്‍ഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. വെബ് കോണ്‍ഫറന്‍സിലൂടെ 14 സംസ്ഥാനങ്ങളിലെ 31 ഗ്രാമ പഞ്ചായത്തുകള്‍ ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി.

പദ്ധതിയുടെ നയങ്ങളും രേഖകളും അടങ്ങുന്ന ഡിജിറ്റല്‍ ഇന്ത്യാ ബുക്കും പ്രധാനമന്ത്രി പുറത്തിറക്കി. ഇലക്ട്രോണിക്സ് നിര്‍മാണ രംഗത്ത് വന്‍ നിക്ഷേപങ്ങള്‍ ക്ഷണിക്കുന്നതിനൊപ്പം സാങ്കേതിക വിദ്യയുടെ വിപ്ലവകരമായ ഉപയോഗത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഭാവി ഇന്ത്യയുടെ മാറ്റത്തിന് വഴി തെളിക്കുന്നതാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊച്ചുകുട്ടികള്‍ പോലും ഡിജിറ്റല്‍ ലോകത്തിന്റെ ശക്തി മനസിലാക്കുന്ന കാലമാണിത്. ഇ ഗവേണന്‍സ് ഇന്ന് മൊബൈല്‍ (എം)- ഗവേണന്‍സിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ആഗോള വിപണിയില്‍ മത്സരിക്കുന്ന നിലവാരത്തിലുളള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ എന്തുകൊണ്ട് ഇവിടെ ഉല്‍പാദിപ്പിച്ചുകൂടായെന്ന് പ്രധാനമന്ത്രി ചോദിച്ചു.

അസീം പ്രേംജി, അനില്‍ അംബാനി,മുകേഷ് അംബാനി, സുനില്‍ മിത്തല്‍, സൈറസ് മിസ്ത്രി തുടങ്ങിയ വ്യവസായ പ്രമുഖരും ചടങ്ങില്‍ എത്തിയിരുന്നു. പദ്ധതിയില്‍ നിക്ഷേപമിറക്കുമെന്ന് ഇവര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയെ വിവര സാങ്കേതിക വിദ്യയില്‍ ലോകത്തെ വന്‍ ശക്തിയാക്കാന്‍ സഹായിക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി ഇ ഹെല്‍ത്ത് കെയര്‍ പദ്ധതിക്കും ഓണ്‍ലൈന്‍ സ്‌കോളര്‍ഷിപ്പിനും ഡിജിറ്റല്‍ ലോക്കര്‍ പദ്ധതിക്കും തുടക്കമിട്ടു.