കൊണ്ടു നടക്കാവുന്ന ഡയാലിസിസ് ഉപകരണം ഇന്ത്യയില്‍ കണ്ടുപിടിച്ചു

Webdunia
ശനി, 22 നവം‌ബര്‍ 2014 (13:47 IST)
ഡയാലിസിസിന്റെ ചെലവ് പകുതിയായി കുറയ്ക്കുന്നതും രോഗിക്ക് ശരീരത്റ്റില്‍ കൊണ്ടുനടക്കാന്‍ സാധിക്കുന്നതുമായ ഡയാലിസിസ് ഉപകരണം ഇന്ത്യയില്‍ കണ്ടുപിടിച്ചു. ബോംബെ ഐഐടിയിലെ കെമിക്കല്‍ എന്‍ജിനീയറിങ് വകുപ്പാണ് പുതിയ ഉപകരണം വികസിപ്പിച്ചെടുത്തത്. ഇവിടെ വികസിപ്പിച്ചെടുത്ത ഹോളോ ഫൈബര്‍ ചര്‍മപാളിയുടെ ലബോറട്ടറി പരിശോധനകള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ഐഐടിയുടെ ഉല്‍പന്നത്തിന് ഇന്ത്യന്‍ പാറ്റന്‍റ് നേടിയിട്ടുണ്ട്. ഈ ഉപകരണം നിര്‍മിക്കുന്നതിനായുള്ള പ്ളാന്‍റ് കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുകയാണ്. പാര്‍ശ്വഫലങ്ങളില്ലാത്തതും ചെലവു കുറഞ്ഞതും ഫലപ്രദമായി ഡയാലിസിസ് നടത്തുന്നതുമാണ് ഈ ഉല്‍പന്നമെന്ന് ശാസ്ത്രസംഘത്തിന് നേതൃത്വം നല്‍കുന്ന ജയേഷ് ബെല്ലാരി പറഞ്ഞു.

വൃക്കരോഗികളുടെ രക്തത്തില്‍നിന്ന് അധികജലവും മാലിന്യവും കൃത്രിമമാര്‍ഗങ്ങളിലൂടെ നീക്കംചെയ്യുന്ന പ്രക്രിയയാണ് ഡയാലിസിസ്. ഉയര്‍ന്ന ചെലവുകാരണം ആവശ്യമായ ചികില്‍സകിട്ടാതെ ഇന്ത്യയിലെ വൃക്കരോഗികളില്‍ 90 ശതമാനവും മാസങ്ങള്‍ക്കകം മരണമടയുന്നുവെന്നാണ് കണക്കുകള്‍. പുതിയ കണ്ടുപിടുത്തം ഈ അവസ്ഥയ്ക്ക് കുറവുണ്ടാക്കും.

എന്നാല്‍ രോഗിക്ക് കൂടുതല്‍ സുരക്ഷിതമായി ഉപയോഗിക്കാവുന്നതും ചെലവുകുറഞ്ഞതുമായ ഈ ഉല്‍പന്നം പൊതുജനങ്ങളിലെത്തണമെങ്കില്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരും. കൂടെ കൊണ്ടുനടക്കാവുന്നതും ശരീരത്തില്‍ ധരിക്കാവുന്നതുമായ ഡയാലൈസറുകളുടെ വികസനത്തിന് ഈ കണ്ടുപിടിത്തം വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.