ഇത് ബോഫോഴ്സല്ല, അതുക്കും മേലേ....

Webdunia
ബുധന്‍, 20 മെയ് 2015 (14:00 IST)
കൃത്യത, പ്രഹര ശേഷി, വിശ്വാസ്യത്, റേഞ്ച്, ഫയര്‍ ആംഗിള്‍ എന്നിവയില്‍ നിലവില്‍ സൈന്യത്തിന്റെ കൈവശമുള്ള ബോഫോഴ്സ് പീരങ്കികള്‍ക്കും മുകളില്‍ നില്‍ക്കുന്ന ധനുഷ് പീരങ്കികള്‍ സൈന്യത്തിനു കൈമാറാന്‍ തുടങ്ങി. 80 ശതമാനവും തദ്ദേശീയമായി നിര്‍മ്മിച്ച ഈ പീരങ്കി ഒരെണ്ണത്തിന് 14 കോടിയാണ് നിര്‍മ്മാമ്മാണ ചെലവ്. 155 എം‌എം, 45 കാലിബറുള്ള ധനുഷിന്റെ വേനല്‍ക്കാലത്തെയും തണുപ്പുകാലത്തെയും പരീക്ഷണങ്ങള്‍ വിജയകരമായതൊടെയാണ് സൈന്യത്തിന് കൈമാറാന്‍ തീരുമാനമായത്.

രാജീവ് ഗാന്ധി ഇന്ത്യയില്‍ കൊണ്ടുവന്ന സ്വീഡീസ് പീരങ്കിയായ ബോഫോര്‍സിന് 27കിലോമീറ്ററാണ് പ്രഹര ശേഷിയെങ്കില്‍ ധനുഷിന് 38 കിലോമീറ്ററാണ് പ്രഹര പരിധി. നിലവിലുള്ള പീരങ്കികളേക്കാള്‍ അത്യാധുനിക ഘടകങ്ങള്‍ ഉള്ള ധനുഷിനിന്റെ 83 ശതമാനവും ഇന്ത്യന്‍ പാര്‍ട്സുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. ഇലക്ട്രോണിക് ഡയല്‍ സെറ്റും ഓക്സിലറി പവര്‍ യൂണിറ്റും മാത്രമാണ് വിദേശത്ത് നിന്ന് എത്തിച്ചത്.

കരസേന 114 പീരങ്കികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. പ്രതിവര്‍ഷം 30-35 പീരങ്കികള്‍ നിര്‍മ്മിച്ച് സേനയ്ക്ക് കൈമാറാനാണ് ഓര്‍ഡനന്‍സ് ഫാക്ട്രറി ഉദ്ദേശിക്കുന്നത്. ഇതിനു പുറമെ 700 കോടി ഡോളര്‍ ചെലവ് വരുന്ന കൂടുതല്‍ പ്രഹര ശേഷിയുള്ള പീരങ്കികളുടെ നിര്‍മ്മാണം പ്രതിരോധ വകുപ്പിന്റെ പരിഗണനയിലുണ്ട്. ഡി‌ആര്‍‌ഡിഒ, ഭാരത് ഫോര്‍ജ്, എല്‍‌ ആന്‍ഡ് ടി, ടാറ്റാ പവര്‍, എന്നിവയുമായി സഹകരിച്ചാകും ഇവ നിര്‍മ്മിക്കുക. കൂടാതെ അമേരിക്കയില്‍ നിന്ന് ലഘു പീരങ്കികള്‍ വാങ്ങാനും ഇന്ത്യ പദ്ധതിയിട്ടിട്ടുണ്ട്.