തെരുവില്‍ ഭിക്ഷ യാചിക്കുന്നതിനേക്കാള്‍ നല്ലത് ബാറുകളില്‍ നൃത്തം ചെയ്യുന്നതാണെന്ന് സുപ്രീംകോടതി

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2016 (16:34 IST)
സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് അനുമതി നല്കേണ്ടതില്ലെന്ന മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതി. തെരുവില്‍ തെണ്ടുന്നതിനേക്കാള്‍ ഭേദമല്ലേ ഡാന്‍സ് ബാറുകളില്‍ നൃത്തം ചെയ്യുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡാന്‍സ് ബാറുകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെയും കോടതി കുറ്റപ്പെടുത്തി.
 
പരമോന്നത കോടതിയെ ധിക്കരിച്ച് അധികാര പരിധി മറികടക്കരുതെന്ന് കോടതി പറഞ്ഞു. ഡാന്‍സ് ബാറുകള്‍ തുറക്കാന്‍ കഴിയാത്ത രീതിയില്‍ പുതിയ നിയമങ്ങള്‍ ഉണ്ടാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെയും കോടതി വിമര്‍ശിച്ചു. കോടതി ഉത്തരവിട്ടിട്ട് പോലും മഹാരാഷ്‌ട്രയില്‍ ഡാന്‍സ് ബാറുകള്‍ക്ക് ലൈസന്‍സ് കൊടുക്കാത്ത നടപടിയാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്.
 
“നൃത്തം ഒരു തൊഴിലാണ്, അസഭ്യമായ ഒന്നായിരുന്നെങ്കില്‍ അതിന് നിയമപരമായ മൂല്യം ഉണ്ടാവുമായിരുന്നില്ല. സര്‍ക്കാര്‍ നിയന്ത്രണ സംവിധാനങ്ങള്‍ നിരോധനങ്ങളായി മാറരുത്' എന്നും സുപ്രീംകോടതി പറഞ്ഞു. 
 
ഏപ്രില്‍ 12ന് മഹാരാഷ്‌ട്ര നിയമസഭ ഡാന്‍സ് ബാര്‍ റെഗുലേഷന്‍ ബില്‍ പാസാക്കിയിരുന്നു. ഇതനുസരിച്ച്, ബാര്‍ നര്‍ത്തകിമാരെ സ്പര്‍ശിക്കുകയോ അവര്‍ക്കു നേരെ പണമെറിയുകയോ ചെയ്താല്‍ 50, 000 രൂപ വരെ പിഴയും ആറുമാസത്തെ ജയില്‍ശിക്ഷയും ലഭിക്കും.
 
നര്‍ത്തകിമാര്‍ മാന്യമല്ലാത്ത വേഷം ധരിക്കുന്നതിനോ അശ്ലീലപരമായ നൃത്തം ചെയ്യുന്നതിനോ പുതിയ ബില്‍ അനുവദിക്കുന്നില്ല.