ടാറ്റ കമ്പനി രണ്ടും കൽപ്പിച്ച്; ടാറ്റ ഇൻഡസ്ട്രീസിൽ നിന്നും സൈറസ് മിസ്ത്രി പുറത്ത്

Webdunia
തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (15:40 IST)
ടാറ്റ ഇൻഡസ്ട്രീസിന്റെ ഡയറക്ടർ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രി പുറത്ത്. ഡയറക്ടർ സ്ഥാനത്ത് നിന്നും സൈറസിനെ പുറത്താക്കാൻ ഇന്നു രാവിലെ ചേർന്ന ആറ് കമ്പനികളിലെ ഓഹരിയുടമകളുടെ അസാധാരണ യോഗത്തിലാണ് തീരുമാനം ആയത്. ടാറ്റാ വാക്തവാണ് ഇക്കാര്യം അറിയിച്ചത്. ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് ഒക്ടോബറിൽ മിസ്ത്രിയെ പുറത്താക്കിയിരുന്നു. 
 
മിസ്ത്രിയ്ക്ക് പകരം രത്തൻ ടാറ്റയെ താൽക്കാലിക ചെയർമാനായി നിയമിക്കുകയായിരുന്നു ടാറ്റ സൺസ് ചെയ്തത്. ഇപ്പോൾ പല കമ്പനികളിലായുള്ള സ്ഥാനങ്ങളിൽനിന്ന് മിസ്ത്രിയെ പുറത്താക്കാനുള്ള ശ്രമം കമ്പനി നടത്തുന്നതായാണ് കാണുന്നത്. പുറത്തായ ചെയർമാൻ വിവിധ ഗ്രൂപ്പ് കമ്പനികളുടെ ബോർ‍ഡിൽ തുടരുന്നത് മോശമായ സ്വാധീനം ചെലുത്തുമെന്നും കമ്പനികളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയേക്കാമെന്നും കാണിച്ച് ഇടക്കാല ചെയർമാൻ രത്തൻ ടാറ്റ ഓഹരി ഉടമകൾക്ക് കത്തയച്ചിരുന്നു. മിസ്ത്രിയെ പുറത്താക്കാൻ ആവശ്യമായ പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 
 
എഴുപത്തിയഞ്ചു വയസ്സ് പൂർത്തിയായതിനെ തുടർന്നു 2012 ഡിസംബറിൽ വിരമിച്ച രത്തൻ ടാറ്റയുടെ പിൻഗാമിയായി വ്യവസായ സാമ്രാജ്യത്തിന്റെ ചെയർമാൻ സ്ഥാനത്തെത്തിയ മിസ്ത്രി, ആ പദവിയിൽ നാലുവർഷം തികയ്ക്കുന്നതിനു തൊട്ടുമുൻപാണു പുറത്തായത്. ടാറ്റാ കുടുംബത്തിനു പുറത്ത് നിന്നുമാണ് സൈറസ് ടാറ്റ സാമ്രാജ്യത്തിന്റെ തലപ്പത്തേക്ക് ചുവടുകൾ വെച്ചത്.
Next Article