ഒഡീഷയില്‍ താണ്ഡവമാടി ഫോനി; മരണസംഖ്യ ഉയര്‍ന്നേക്കും - ചുഴലിക്കാറ്റ് ശനിയാഴ്‌ച പുലർച്ചെയോടെ ബംഗാളിലെത്തും

വെള്ളി, 3 മെയ് 2019 (18:57 IST)
ഒഡീഷ തീരത്ത് വീശിയടിച്ച ഫോനി ചുഴലിക്കാറ്റില്‍ മൂന്ന് മരണം. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ഫോനി ഒഡീഷാ തീരം തൊട്ടത്. ഇതുവരെ മൂന്ന് പേർ മരിച്ചതായി സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു. രണ്ട് സ്ത്രീകളും ഒരു വിദ്യാർഥിയുമാണ് ഇതുവരെ മരിച്ചത്.

പുരിയില്‍ മരം വീണാണ് വിദ്യാര്‍ഥി മരിച്ചത്. കെട്ടിടത്തില്‍ നിന്ന് കാറ്റെടുത്തുകൊണ്ടുപോയ കോണ്‍ക്രീറ്റ് കട്ട വീണ നായഗഢ് ജില്ലയില്‍ ഒരു സ്ത്രീയും മരിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മൂന്നാമത്തെ മരണം രേഖപ്പെടുത്തിയത്.

ഫോനി ചുഴലിക്കൊടുങ്കാറ്റ് അർധരാത്രിയോടെയോ ശനി പുലർച്ചെയോ ബംഗാളിൽ വീശിയടിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. വിനോദസഞ്ചാരികളോട് കൊല്‍ക്കത്തവിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ശക്തമായ മഴയും 175 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റുമായി ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഒഡീഷ തീര നഗരമായ പുരിയിൽ വീശിയടിച്ചത്. ഇതുവരെ പതിനൊന്ന് ലക്ഷം പേരെയെങ്കിലും ഒഡിഷ സർക്കാർ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

പുരിയുടെ ചുറ്റുമുള്ള മേഖലകളിൽ കനത്ത മഴയും ശക്തിയേറിയ കാറ്റും തുടരുകയാണ്. ഭുവനേശ്വർ, പുരി നഗരങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങളിൽ പലതും വെള്ളത്തിൽ മുങ്ങി. നിരവധി മരങ്ങളും ചെറുകൂരകളും കട പുഴകി. മരങ്ങളും വൈദ്യുത പോസ്റ്റുകളും കട പുഴകി വീണ് പല കെട്ടിടങ്ങൾക്കും കേടുപാടുകൾ പറ്റി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍