ജമ്മു കശ്മീരിലെ അവന്തിപ്പുരയിൽ ഭീകരർ നടത്തിയ ചാവേർ സ്ഫോടനത്തിൽ മലയാളി ഉൾപ്പെടെ 44 സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. എൺപതോളം പേർക്കു പരുക്കേറ്റു. വയനാട് ലക്കിടി സ്വദേശിയായ വിവി വസന്തകുമാരാണ് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി.
2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിനുനേരെ വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോയ 78 വാഹന വ്യൂഹത്തിന്‍റെ മധ്യഭാഗത്തായി 42 പേര്‍ സഞ്ചരിച്ച ബസിലേയ്ക്കാണ് ഇയാള്‍ വാഹനം ഇടിച്ചു കയറ്റിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ഭീകര സംഘടന ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.
ജയ്ഷെ മുഹമ്മദ് അംഗം ആദിൽ അഹമ്മദാണ് ചാവേറാക്രമണം നടത്തിയത്. പുൽവാമ സ്വദേശിയായ ഇയാള്‍ 2018 ലാണ് ജയ്ഷെ മുഹമ്മദിൽ ചേര്‍ന്നത്. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ എൻഐഎയുടെ 12 അംഗ സംഘം സംഭവ സ്ഥലം സന്ദർശിക്കും. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത ഏര്‍പ്പെടുത്തി.