പാക് ബോട്ട് കത്തിയ സംഭവത്തില്‍ വിവാദം കൊഴുക്കുന്നു; നിലപാട് തിരുത്തി കോസ്റ്റ് ഗാര്‍ഡ് ഡിഐജി

Webdunia
ബുധന്‍, 18 ഫെബ്രുവരി 2015 (12:27 IST)
ഗുജറാത്ത് തീരത്ത്  പാക് ബോട്ട് തകര്‍ത്തത് തന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നെന്ന നിലപാട് തിരുത്തി കോസ്റ്റ് ഗാര്‍ഡ് ഡിഐജി ബികെ ലോഷാലി. വെളിപ്പെടുത്തല്‍ വിവാദമായതോടെയാണ് ഡിഐജി മലക്കം മറിഞ്ഞത്.  തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും  തീരദേശ സേന പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ബോട്ടിലുള്ളവര്‍ സ്വയം ബോട്ട് തകര്‍ക്കുകയായിരുന്നും ലോഷാലി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ ഓപ്പറേഷന് നേതൃത്വം നല്‍കിയത് താനല്ലെന്നും ലോഷാലി പ്രസ്താവനയില്‍ വ്യക്തമാക്കി.

പാകിസ്ഥാനിന്‍ നിന്ന് ഡിസംബര്‍ 31ന് ഗുജറാത്ത് തീരം വഴി വന്ന ബോട്ട് തകര്‍ത്തത് തന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നെന്ന് കോസ്റ്റ് ഗാര്‍ഡ് ഡിഐജിയും വടക്ക് പടിഞ്ഞാറന്‍ മേഖലയുടെ ചീഫ് ഒഫ് സ്റ്റാഫുമായ ബികെ ലോഷാലി ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബോട്ടിലുള്ളവര്‍ തന്നെ സ്ഥോടനം നടത്തി ബോട്ട് തകര്‍ക്കുകയായിരുന്നുവെന്ന മന്ത്രാലയത്തിന്റെ മുന്‍ നിലപാടുകളെ തള്ളുന്ന ഡി ഐ ജിയുടെ ഈ വെളിപ്പെടുത്തലുകളില്‍ വിവാ‍ദമാകുകയായിരുന്നു.   

അഭിമുഖത്തില്‍ സംഭവം നടക്കുന്ന രാത്രിയില്‍ താന്‍ ഗാന്ധിനഗറിലുണ്ടായിരുന്നുവെന്നും. ഈ സമയമാണ് കോസ്‌റ്റ് ഗാര്‍ഡിന്റെ നിര്‍ദേശം മറികടന്ന് സംശയകരമായ സാഹചര്യത്തില്‍ ഒരു ബോട്ട് മുന്നോട്ട് പോകുന്നതായും, അധികൃതര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ബോട്ടിലുള്ളവര്‍ ശ്രദ്ധിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ലഭിച്ചുവെന്നും. തുടര്‍ന്ന് ബോട്ട് തകര്‍ക്കാന്‍ താന്‍ അനുമതി നല്‍കുകയായിരുന്നുവെന്നുമാണ് ബികെ ലോഷാലി പറഞ്ഞത്. ബോട്ട് തകര്‍ക്കാന്‍ നിര്‍ദ്ദേശം നന്‍കിയത് ഞാനാണ്. ബോട്ടിലുണ്ടായിരുന്നവര്‍ക്ക് ബിരിയാണി നന്‍കുകയല്ല നമ്മുടെ ജോലിയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.