ഇംപീച്ച്‌മെന്റ് നോട്ടീസ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ആയുധം: ജെയ്റ്റ്‌ലി

Webdunia
വെള്ളി, 20 ഏപ്രില്‍ 2018 (18:56 IST)
സുപ്രീംകോടതി ചീഫ് ജസ്‌റ്റീസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷ എംപിമാരുടെ ഇംപീച്ച്‌മെന്റ് നോട്ടീസ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയായുധമാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

ഇംപീച്ച്‌മെന്റ് നീക്കം ജസ്റ്റിസ് ലോയ കേസിലെ ഹര്‍ജി തള്ളിയതിന്റെ പ്രതികാര നടപടിയാണ്. വിവാദ കേസുകളില്‍ വാദം കേള്‍ക്കുന്ന ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നതിനുള്ള നീക്കം കൂടിയാണ് ഇതെന്നും ജെയ്റ്റ്‌ലി ഫേസ്‌ബുക്ക് പോസ്‌റ്റില്‍ വ്യക്തമാക്കി.

ജസ്റ്റിസ് ലോയ കേസിലെ സുപ്രീംകോടതി വിധി പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് തുറന്നു കാട്ടിയത്. ബിജെപിയെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തിയത്. പൊതുവിലും രാഷ്ട്രീയഇടങ്ങളിലും അത്തരമൊരു വ്യാജബോധം സൃഷ്ടിക്കാനും അവര്‍ ശ്രമിച്ചുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ഒരു ജഡ്ജിയ്‌ക്കെതിരെ നടപടി ആവശ്യപ്പെടുന്നതിലൂടെ മറ്റ് ജഡ്ജിമാരെയും ഭീഷണിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ജെയ്റ്റ്‌ലി പോസ്‌റ്റില്‍ വ്യക്തമാക്കി.

ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷം ഇംപീച്മെന്റ് നോട്ടിസ് പ്രതിപക്ഷം ഇന്നു നല്‍കിയിരുന്നു. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒപ്പിട്ട നോട്ടീസ് രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിന് കൈമാറി.

ഏഴ് പാര്‍ട്ടികളിലെ 60 എംപിമാര്‍ നോട്ടീസില്‍ ഒപ്പിട്ടെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസ്, എൻസിപി, സിപിഎം, സിപിഐ, എസ്പി, ബിഎസ്പി, മുസ്ലീം ലീഗ് തുടങ്ങിയ പാർട്ടികളാണ് നോട്ടീസിനെ പിന്തുണച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article