കോണ്‍ഗ്രസിന്റെ 25 എംപിമാരെ സ്‌പീക്കര്‍ സസ്‌പെന്‍ഡ് ചെയ്‌ത സാഹചര്യത്തില്‍ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നു മുതല്‍ അഞ്ചു ദിവസത്തേക്ക് ലോക്‍സഭ ബഹിഷ്‌കരിക്കും. ലോക്‍സഭ ബഹിഷ്‌കരിക്കുന്ന എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കും. 9 പ്രതിപക്ഷ പാര്‍ട്ടികളാണ് കോണ്‍ഗ്രസിന് പിന്തുണയര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, നടപടി എല്ലാവർക്കുമുള്ള മുന്നറിയിപ്പെന്ന് ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ വ്യക്തമാക്കി.
ഇടതുപക്ഷ എംപിമാര്‍ക്ക് പുറമെ ത്രിണമൂല്‍ കോണ്‍ഗ്രസ്, എ എപി അടക്കമുള്ള പാര്‍ട്ടികളുടെ എംപിമാരും ഇന്ന് മുതല്‍ 5 ദിവസംവരെ പാര്‍ലമെന്റില്‍ എത്തില്ല. അതേസമയം ഗാന്ധി പ്രതിമയ്‌ക്ക് മുന്‍പില്‍ തുടരാനാണ് തീരുമാനം. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടക്കം ആരോപണ വിധേയരായവര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ എംപിമാർ സഭയിൽ പ്രക്ഷോഭം തുടരുന്നത്.
പാര്‍ലമെന്‍റ് സ്തംഭനം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പരാജയപ്പെട്ടിരുന്നു. ആരോപണ വിധേയരായവര്‍ രാജിവയ്ക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് പ്രതിപക്ഷവും ഇടതുപാര്‍ട്ടികളും ആവര്‍ത്തിച്ചു. ചര്‍ച്ചയാകാമെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രി സംസാരിക്കുമെന്ന സര്‍ക്കാരിന്‍റെ ഉറപ്പ് പ്രതിപക്ഷത്തിന് സ്വീകാര്യമായില്ല.
ലളിത് മോദി വിവാദത്തിൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിലായിരുന്നു പ്രതിപക്ഷം. സമ്മേളനം തുടങ്ങി ഇതുവരെ ഒരു ദിവസം പോലും സഭ നടത്തിക്കൊണ്ടു പോകുന്നതിന് സാധിച്ചിരുന്നില്ല.
ലോക്സഭാ സ്പീക്കർ സസ്പെൻഡ് ചെയ്ത എംപിമാർ
ബി എൻ. ചന്ദ്രപ്പ, സന്തോഷ് സിങ് ചൗധരി, അബു ഹസീം ഖാൻ ചൗധരി, സുസ്മിതാ ദേവ്, ആർ. ധ്രുവനാരായണ, നിനോംഗ് എറിംഗ്, ഗൗരവ് ഗോഗോയ്, സുകേന്ദർ റെഡ്ഢി ഗുഹ, ദീപേന്ദർ സിങ് ഹൂഡ, സുരേഷ് കൊടിക്കുന്നേൽ, എസ്. പി മുദ്ദഹനുമേ ഗൗഡ, അഭിജിത് മുഖർജി, മുല്ലപ്പള്ളി രാമചന്ദ്രൻ, ഡോ. കെ. എച്ച് മുനിയപ്പ, ബി വി നായക്, വിൻസൻറ് എം പാല, എം. കെ. രാഘവൻ, രഞ്ജിത് രഞ്ജൻ, സി എൽ. റുവാല, താമ്രധ്വജ് സാഹു, രാജീവ് ശങ്കർ റാവു സതവ്, രവ്നീത് സിങ്, ദൊദ്ദാലഹളളി കെമ്പേഗൗഡ സുേരഷ്, കെ.സി വേണുഗോപാൽ, ഡോ.തോക്ച്ചോം മെയ്നിയ.