Sunita Williams: രാജ്യത്തേക്ക് ക്ഷണിച്ചപ്പോൾ മോദി ഒരു കാര്യം മറന്നു, മോദി ഭരണകൂടം കൊന്ന ഹരേൺ പാണ്ഡ്യയുടെ കസിനാണ് സുനിത, മോദിയുടെ കത്ത് ചവറ്റുക്കൊട്ടയിൽ കിടക്കുമെന്ന് കോൺഗ്രസ്
ബഹിരാകാശ യാത്ര കഴിഞ്ഞ് ഭൂമിയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ വംശജയായ യുഎസ് ബഹിരാകാശ യാത്രിക സുനിതാ വില്യംസിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ കത്ത് സുനിത വില്യംസ് ചവറ്റുക്കൊട്ടയില്‍ വലിച്ചെറിയാനാണ് സാധ്യതയെന്ന് കോണ്‍ഗ്രസ് പറയുന്നത്. ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയും സുനിതാ വില്യംസിന്റെ ബന്ധുവുമായ ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
കോണ്‍ഗ്രസ് കേരള ഘടകം ഇന്നലെ എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. 2002ലെ ഗുജറാത്ത് കലാപത്തില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ പങ്കിനെ പറ്റി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ക്ക് രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയായിരുന്നു ഹരേണ്‍ പാണ്ഡ്യ കൊല്ലപ്പെട്ടത്. ഈ കേസില്‍ അന്ന് മോദിയുടെ വിശ്വസ്തനും ഇന്ന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയുമായിരുന്ന അമിത് ഷായെ 97 ദിവസം സിബിഐ ജയിലില്‍ അടച്ചിരുന്നു. ഈ ഹരേന്‍ പാണ്ഡ്യയുടെ പിതൃസഹോദരനായ ദീപക് പാണ്ഡ്യയുടെ മകളാണ് സുനിതാ വില്യംസ്.
ലോകമാകെ പ്രശസ്തയായ വ്യക്തിയും ഗുജറാത്ത് സ്വദേശിയും ആയിരുന്നിട്ട് കൂടി 2007ല്‍ ഇന്ത്യയിലേക്ക് വരാനുള്ള മോദിയുടെ ക്ഷണം സുനിത വില്യംസ് നിരസിച്ചിരുന്നു. ഇപ്പോള്‍ ലോകത്തിന് മുന്നില്‍ താന്‍ കരുതലുള്ളവനാണെന്ന് കാണിക്കാനാണ് മോദി ശ്രമിക്കുന്നത്. എന്നാല്‍ മോദിയുടെ ക്ഷണം സുനിതാ വില്യംസ് ചവറ്റുക്കൊട്ടയില്‍ ഇടുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.