'സ്‌ട്രൈക് റേറ്റ് കൂടുതല്‍ ഞങ്ങള്‍ക്ക്'; സമ്മര്‍ദ്ദവുമായി ലീഗ്, കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും

രേണുക വേണു

വ്യാഴം, 13 മാര്‍ച്ച് 2025 (08:26 IST)
യുഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുസ്ലിം ലീഗ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടേക്കും. വിജയസാധ്യതയുള്ള കൂടുതല്‍ സീറ്റുകള്‍ കണ്ടെത്തി കോണ്‍ഗ്രസിനോടു ആവശ്യപ്പെടാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. 
 
2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ ലീഗ് മത്സരിച്ചു. അതില്‍ 15 സീറ്റുകളിലും ജയിക്കാന്‍ സാധിച്ചു. കോണ്‍ഗ്രസിനേക്കാള്‍ സ്‌ട്രൈക് റേറ്റ് ലീഗിനുണ്ട്. ഈ സാഹചര്യം പരിഗണിച്ച് വിജയസാധ്യതയുള്ള ചില സീറ്റുകള്‍ കൂടി കോണ്‍ഗ്രസ് വിട്ടുതരണമെന്നാണ് ലീഗിന്റെ ആവശ്യം. 
 
ചില സീറ്റുകള്‍ വച്ചുമാറുന്നതും ലീഗിന്റെ പരിഗണനയില്‍ ഉണ്ട്. അഴീക്കോട് കോണ്‍ഗ്രസിനു വിട്ടുകൊടുത്ത് കണ്ണൂര്‍ സീറ്റ് ലീഗ് ആവശ്യപ്പെട്ടേക്കും. സമാന രീതിയില്‍ മലബാര്‍ മേഖലയിലെ മറ്റു ചില സീറ്റുകളും വച്ചുമാറണമെന്ന് ലീഗ് ആവശ്യപ്പെടും. സീറ്റുകള്‍ വച്ചുമാറുന്നതില്‍ കോണ്‍ഗ്രസിനുള്ളിലും അതൃപ്തിയില്ല. 
 
അതേസമയം സീറ്റ് വിഭജനം നേരത്തെ തുടങ്ങണമെന്ന ഘടകകക്ഷികളുടെ ആവശ്യത്തോടു കോണ്‍ഗ്രസിനു അനുഭാവപൂര്‍ണമായ നിലപാടുണ്ട്. സീറ്റ് വിഭജനം നേരത്തെ ആക്കി തിരഞ്ഞെടുപ്പിനുള്ള ജോലികള്‍ തുടങ്ങാമെന്ന് കോണ്‍ഗ്രസ് നേതൃത്വം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്കു ഉറപ്പുനല്‍കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍