കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 12 മാര്‍ച്ച് 2025 (17:42 IST)
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ കഴകക്കാരനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി നിയമാനുസൃതം നിയമനം ലഭിച്ച യുവാവിന് ഔദ്യോഗിക കൃത്യനിര്‍വ്വഹണം സാധ്യമാകാത്ത അവസ്ഥയുണ്ടായത് മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.
 
ജാതിയുടെ അടിസ്ഥാനത്തില്‍ തൊഴിലില്‍നിന്നും മാറി നില്‍ക്കേണ്ടി വരികയെന്നത് ആധുനികസമൂഹത്തിന് നിരക്കുന്നതല്ല. കുലം, കുലത്തൊഴില്‍, കുലമഹിമ തുടങ്ങിയ ആശയങ്ങള്‍ അപ്രസക്തമായ കാലമാണിത്. മാല കെട്ടുന്നതിനുപോലും ജാതിയുടെ അതിര്‍വരമ്പ് നിശ്ചയിക്കുന്നത് കാലത്തിന് നിരക്കുന്ന പ്രവൃത്തിയാണോയെന്ന് ബന്ധപ്പെട്ടവര്‍ പുനര്‍വിചിന്തനം ചെയ്യുമെന്ന് കരുതുന്നു.
 
സംസ്‌കാരങ്ങളുടെ സംഗമഭൂമിയായാണ് ഇരിങ്ങാലക്കുടയും കൂടല്‍മാണിക്യക്ഷേത്രവും ഉയര്‍ന്നുവന്നതെന്ന ചരിത്രം വിസ്മരിച്ചുകൂടാ. ജാതീയവിഭജനങ്ങളെ ദൈവചിന്തയ്ക്ക് നിരക്കാത്തതെന്ന പേരില്‍ നിരാകരിച്ച ചട്ടമ്പിസ്വാമികളെപ്പോലെ സമൂഹപരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനമണ്ഡലമായിരുന്ന ഭൂമിയാണിത്. ജാതിവിലക്കുകളില്‍ കുടുങ്ങി ചരിത്രത്തില്‍നിന്നുതന്നെ അപ്രത്യക്ഷമാകുമായിരുന്ന കൂടിയാട്ടം പോലുള്ള ക്ഷേത്രകലകളെ രാജ്യത്തിന്റെ അഭിമാനമായി ലോകജനത മുമ്പാകെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭേദചിന്തകളെ മായ്ച്ച് ഒരുമിച്ചു നിന്ന് വിജയം കണ്ട മണ്ണാണിത്. കേരളത്തിന്റെ ആധുനിക നവോത്ഥാന പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധേയമായ അധ്യായമായി ഇരിങ്ങാലക്കുട ഉയര്‍ന്നത് വഴി നടക്കാനുള്ള അവകാശത്തിനു വേണ്ടി നടന്ന കുട്ടംകുളം സമരത്തിലൂടെയാണെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. ഉയര്‍ന്നുവന്ന പ്രശ്നത്തിന് ഗുണാത്മകമായ പരിഹാരം ഉണ്ടാകുന്നതിന് ബന്ധപ്പെട്ട ഏവരുടെയും ജാഗ്രത വേണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍