മുംബൈ ഇന്ത്യന്‍സ് ബുമ്രയില്ലാതെ കളിക്കണം; ആര്‍സിബിക്കും എട്ടിന്റെ പണി !

രേണുക വേണു

ബുധന്‍, 12 മാര്‍ച്ച് 2025 (15:47 IST)
പ്രമുഖ താരങ്ങളുടെ പരുക്ക് ഐപിഎല്‍ ഫ്രാഞ്ചൈസികളെ അലട്ടുന്നു. മുംബൈ ഇന്ത്യന്‍സിന് തങ്ങളുടെ പേസ് കുന്തമുനയില്ലാതെ ചുരുങ്ങിയത് നാല് കളികളിലെങ്കിലും ഇറങ്ങേണ്ടിവരും. മുംബൈ പേസ് നിരയെ നയിക്കേണ്ട ജസ്പ്രിത് ബുംറയ്ക്കു ആദ്യ രണ്ട് ആഴ്ചയിലെ ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമായേക്കും. 
 
ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് ബുംറയ്ക്കു പരുക്കേറ്റത്. തോളിനു പരുക്കേറ്റ താരം ഇതുവരെ പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ല. ചാംപ്യന്‍സ് ട്രോഫിയും താരത്തിനു നഷ്ടമായിരുന്നു. 18 കോടി രൂപയ്ക്കാണ് ബുംറയെ മുംബൈ നിലനിര്‍ത്തിയത്. 
 
നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും മുംബൈയുടെ ആദ്യ മത്സരത്തില്‍ കളിക്കില്ല. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ബുംറയ്ക്ക് ഈ സീസണിലെ ആദ്യ മത്സരം നഷ്ടമാകുക. പകരം സൂര്യകുമാര്‍ യാദവ് ആയിരിക്കും മുംബൈയെ ആദ്യ മത്സരത്തില്‍ നയിക്കുക. 
 
ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ അസാന്നിധ്യമാകും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നേരിടാന്‍ പോകുന്ന പ്രതിസന്ധി. തുടയ്ക്കു പരുക്കേറ്റ ഹെയ്‌സല്‍വുഡ് ഇതുവരെ കായികക്ഷമത വീണ്ടെടുത്തിട്ടില്ല. ആര്‍സിബിയുടെ ആദ്യ രണ്ടോ മൂന്നോ മത്സരങ്ങള്‍ ഹെയ്‌സല്‍വുഡിന് നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. 
 
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 11 കോടിക്ക് നിലനിര്‍ത്തിയ പേസര്‍ മായങ്ക് യാദവിനും ഈ സീസണിലെ ആദ്യഘട്ടം നഷ്ടമാകും. പരുക്കേറ്റ താരം ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റിക്കവറി ട്രെയ്‌നിങ്ങിലാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍