കേരളത്തില്‍ തുടര്‍ച്ചയായി മൂന്നാം തോല്‍വി; കോണ്‍ഗ്രസിനു ഷോക്കായി കനുഗോലു റിപ്പോര്‍ട്ട്

രേണുക വേണു

തിങ്കള്‍, 3 മാര്‍ച്ച് 2025 (18:24 IST)
കേരളത്തിലെ കോണ്‍ഗ്രസിനെ ഹാട്രിക് തോല്‍വി കാത്തിരിക്കുന്നതായി സുനില്‍ കനുഗോലു റിപ്പോര്‍ട്ട്. 2026 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് തോല്‍ക്കുമെന്നാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനുഗോലു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജനങ്ങളുടെ പള്‍സ് അറിഞ്ഞ് റിപ്പോര്‍ട്ട് തയ്യാറാക്കാനും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും ഹൈക്കമാന്‍ഡാണ് കനഗോലുവിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. 
 
കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ചുറ്റുപാടല്ല നിലവില്‍ ഉള്ളതെന്ന് കനഗോലു സമ്മതിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ് കനഗോലു റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാം ടേം പൂര്‍ത്തിയാക്കുന്ന ഒരു സര്‍ക്കാരിനെതിരെ ഉണ്ടാകേണ്ടിയിരുന്ന ഭരണവിരുദ്ധ വികാരം നിലവില്‍ കേരളത്തില്‍ ഇല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനക്ഷേമ പദ്ധതികള്‍ തുടര്‍ന്നത് സര്‍ക്കാരിന്റെ നേട്ടമാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ കേരളത്തില്‍ അധികാരം പിടിക്കുക കോണ്‍ഗ്രസിനു ബുദ്ധിമുട്ടായിരിക്കുമെന്നാണ് കനുഗോലു ടീമിന്റെ വിലയിരുത്തല്‍. 
 
കോണ്‍ഗ്രസിലെ ആഭ്യന്തര കലഹങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടി നേതാക്കള്‍ പരസ്യ പോരില്‍ ഏര്‍പ്പെടുന്നത് അണികള്‍ക്കിടയില്‍ പോലും അവമതിപ്പ് ഉണ്ടാക്കുന്നു. അധികാരം തിരിച്ചുപിടിക്കണമെങ്കില്‍ തീവ്ര പരിശ്രമം ആവശ്യമാണെന്നും കനുഗോലു പറയുന്നു. 2021 ലേതിനു സമാനമായ തോല്‍വി 2026 ലും ആവര്‍ത്തിച്ചേക്കാമെന്നും കനുഗോലു പ്രവചിക്കുന്നു. 
 
കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും 2026 ല്‍ കോണ്‍ഗ്രസിന്റെ തോല്‍വി മുന്നില്‍ കാണുന്നു. കേരളത്തിലെ നേതാക്കളെ ഹൈക്കമാന്‍ഡ് അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത് ഇതിന്റെ സൂചനകള്‍ നല്‍കാനാണ്. കേരളത്തിലെ സ്ഥിതി അത്ര അനുകൂലമല്ലെന്നും നേതാക്കള്‍ തമ്മിലുള്ള പോര് തുടര്‍ന്നാല്‍ വന്‍ തോല്‍വി ആവര്‍ത്തിക്കുമെന്നും ദേശീയ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ പരസ്യ പ്രതികരണങ്ങളും മുഖ്യമന്ത്രി കസേരയ്ക്കുള്ള അവകാശവാദങ്ങളും ഉപേക്ഷിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍