ഭരണഘടനാശില്പിയായ ഡോ ബി ആര്‍ അംബേദ്‌കര്‍ പോരാടിയത് സമത്വത്തിനും പരിഗണനയ്ക്കും വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അംബേദ്കറിന്റെ 125 ആം ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മ്‌ഹൌ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാനായ അംബേദ്‌കര്‍ ജനിച്ച ഈ സ്ഥലത്ത് നില്‍ക്കാന്‍ കഴിഞ്ഞത് ഭാഗ്യം കൊണ്ടാണെന്ന് മോഡി പറഞ്ഞു.
അംബേദ്‌കര്‍ ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നില്ലെന്നും ഉറച്ച തീരുമാനം ഉണ്ടായിരുന്ന വ്യക്തി ആയിരുന്നെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. സമൂഹത്തിലെ അനീതിക്കെതിരെ പോരാടുന്നതിനു വേണ്ടി തന്റെ ജീവിതം അംബേദ്‌കര്‍ മാറ്റിവെച്ചുവെന്നും മോഡി പറഞ്ഞു.
ഈ വര്‍ഷത്തെ നമ്മുടെ ബജറ്റ് ഗ്രാമങ്ങള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്. അതേസമയം, വൈദ്യുതി ലഭിച്ച ഗ്രാമങ്ങളിലെ ജനതയുടെ സന്തോഷകരമായ ജീവിതത്തെക്കുറിച്ച് പറഞ്ഞ മോഡി രാജ്യത്തെ 18, 000 ഗ്രാമങ്ങളില്‍ ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ലെന്ന് പറയുകയും ചെയ്തു.
അടുക്കളജോലി ചെയ്ത അമ്മയുടെ മകന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആയതിനു പ്രചോദനമായത് അംബേദ്കര്‍ ആണ്. അതിനാലാണ് ഒത്തൊരുമിച്ചു നിന്ന് ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യാന്‍ കഴിയുന്നത്. എന്നാല്‍, വോട്ടുബാങ്ക് രാഷ്‌ട്രീയത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മോഡി പറഞ്ഞു.