ജയലളിതയുടെ പിറന്നാള്‍ ആഘോഷ വേളയില്‍ പെണ്‍കുട്ടിയുടെ മേല്‍ ജയലളിതയുടെ റ്റാറ്റു പതിപ്പിച്ചതായി ആരോപണം. എ ഐ എ ഡി എം കെ പ്രവര്‍ത്തകരാണ് ബലമായി റ്റാറ്റു പതിപ്പിച്ചതെന്ന് ചെന്നൈ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ 'ചേഞ്ച് ഇന്ത്യ' ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി.
പിറന്നാളിന്റെ മുമ്പത്തെ ദിവസമായ ഫെബ്രുവരി 23ന് നടന്ന ആഘോഷപരിപാടിയിലാണ് സംഭവം നടന്നത്. ഒ പനീര്‍ശെല്‍വം അടക്കമുള്ള മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു കുട്ടിയുടെ മേല്‍ എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ റ്റാറ്റു പതിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ കുട്ടികളെ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കികൊണ്ട് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
അതേസമയം, ബലമായി റ്റാറ്റു പതിപ്പിച്ചുവെന്ന ആരോപണം ശരിയല്ലെന്ന് എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ പറയുന്നത്. സ്വന്തം ഇഷ്ടപ്രകാരമായിരുന്നു റ്റാറ്റു പതിച്ചതെന്ന് പെണ്‍കുട്ടി തന്നെ പിന്നീട് പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് പരിപാടിയില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന് കാണിച്ച് എം കെ അശോക് എം എല്‍ എയെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മുഖ്യമന്ത്രി നീക്കീയിട്ടുണ്ടെന്നും പാര്‍ട്ടി വക്താവ് അറിയിച്ചു.