പ്രശസ്ത വാസ്തുശില്‍പി ചാള്‍സ് കൊറിയ അന്തരിച്ചു

Webdunia
ബുധന്‍, 17 ജൂണ്‍ 2015 (11:55 IST)
ആധുനിക കാലത്തെ വാസ്തുശിൽപികളിൽ പ്രമുഖനും പദ്മശ്രീ, പദ്മവിഭൂഷൺ ജേതാവുമായ ചാൾസ് കോറിയ (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

അഹമ്മദാബാദിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍, മധ്യപ്രദേശ് നിയമസഭാ മന്ദിരം എന്നിവയടക്കം രാജ്യത്തെ നിരവധി പ്രധാന കെട്ടിടങ്ങളുടെ രൂപകല്‍പ്പനയ്ക്ക് പിന്നില്‍ കൊറിയ ആയിരുന്നു. നവിം മുംബൈ നഗരത്തിന്റെ ശില്‍പിയും അദ്ദേഹമാണ്. അഹമ്മദാബാദിലേയും മദ്ധ്യപ്രദേശിലേയും ഗാന്ധി സ്മാരക ശിൽപങ്ങൾ സ്ഥാപിച്ചത് കോറിയയാണ്. ദേശീയ നഗരവത്കരണ കമ്മീഷന്റെ അധ്യക്ഷസ്ഥാനത്തെത്തിയ അദ്ദേഹം ചിലവുകുറഞ്ഞ ഭവനങ്ങളുടെ രൂപകല്‍പ്പനയിലും വിദഗ്ദ്ധനായിരുന്നു. ഈ രംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ ലഭിചിട്ടുണ്ട്. കെട്ടിടത്തിന്റെ ആന്തരിക സൗകര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ കലാപരമായ കെട്ടിടങ്ങള്‍ രൂപപ്പെടുത്തിയയാളാണ് ചാള്‍സ് കോറിയ.

1972 ല്‍ പദ്മശ്രീയും 2006 ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സെക്കന്തരാബാദില്‍ 1930 സപ്തംബര്‍ ഒന്നിന് ജനിച്ച അദ്ദേഹം മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജ്, മിഷിഗണ്‍ യൂണിവേഴ്‌സിറ്റി, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. 1984 ല്‍ അര്‍ബന്‍ ഡിസൈന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്ഥാപനം മുംബൈയില്‍ തുടങ്ങി.