ഇനി ഒരിക്കലും കള്ളുകുടിച്ച് പൂസാകുന്ന പെണ്‍കുട്ടികളെ വരീന്ദര്‍ സഹായിക്കാന്‍ പോകില്ല. സഹായിക്കാന്‍ ചെന്നതിന് ഇടിച്ചു പിഴിഞ്ഞതിനാല്‍ വരീന്ദര്‍ ഇപ്പോള്‍ തലപൊളിഞ്ഞ് ആശുപത്രിയിലാണ്. ഛണ്ഡീഗഡില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ നടന്ന സംഭവത്തിന്റെ ഓര്‍മ്മയില്‍ ഞടുങ്ങി നില്‍ക്കുകയാണ് വരീന്ദര്‍.
ചണ്ഡീഗഡിലെ രണ്ടു തരുണീമണികള്‍ ഡാന്‍സ് ബാറില്‍ നിന്ന് മദ്യപിച്ച് പൂസായി പുറത്തിറങ്ങി. മദ്യപിച്ച് ബോധം കെട്ട് ബാറിനു വെളിയിലിറങ്ങിയപ്പോള്‍ സഹായ ഹസ്തം നീട്ടിയ കുറ്റം മാത്രമെ വരീന്ദര്‍ ചെയ്തുള്ളു. പിന്നെ അവിടെ നടന്നത് ഒരു സംഭവം തന്നെയായിരുന്നു. അന്നു, നവി ബ്രാര്‍ എന്നീ തരുണീ മണികളാണ് വരീന്ദറിനെ ഇടിച്ചുകൂട്ടിയത്.
ആക്രമിച്ചതിന് പുറമേ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനവും ഇവര്‍ തല്ലിത്തകര്‍ത്തു. തലയ്ക്ക് അടിയേറ്റ യുവാവിനെ സഹോദരിയെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിതമായി മദ്യപിച്ച യുവതികളെ തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചതാണ് കൈയ്യാങ്കളിയില്‍ അവസാനിച്ചത്. മൂവരും സമീപവാസികളാണ്.
പോലീസ് തങ്ങളുടെ പരാതിക്ക് ഒരു വിലയും കല്‍പ്പിക്കാതെ അക്രമികളായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്ന് വരീന്ദറിന്റെ സഹോദരി ആരോപിച്ചു. എന്നാല്‍ യുവാവ് ഒരു പരാതിയും സമര്‍പ്പിച്ചില്ലെന്നുമാണ് പോലീസിന്റെ നിലപാട്. സമീപവാസികള്‍ തന്നെയാണ് പെണ്‍കുട്ടികളെന്നും പോലീസ് പറയുന്നുണ്ട്.
അതേ സമയം പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് ഇവര്‍ വരീന്ദറിനെ ആക്രമിച്ചതെന്നാണ് സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പറയുന്നത്. എല്ലാവരും മദ്യലഹരിയിലായിരുന്നതിനാല്‍ ആരാണ് സത്യം പറയുന്നതെന്ന് പൊലീസിന് ഒരു തുമ്പും കിട്ടിയിട്ടില്ല. ഏതായാലും ഇടികിട്ടിയ വരീന്ദറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.