ഡല്‍ഹി പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്ഥലം മാറ്റിയ ഉത്തരവ് കേന്ദ്രം റദ്ദാക്കി
ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരും കേന്ദ്രവുതമ്മിലുള്ള പോര് ശക്തമാകുന്നു. ഡല്‍ഹി ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ധരം പാലിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.കേന്ദ്രത്തിന് മാത്രമാണ് ധരം പാലിനെ മാറ്റാനുള്ള അധികാരം കെജ് രിവാള്‍ സര്‍ക്കാരിനില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പുറത്താക്കാന്‍ അധികാരമുള്ളത് കേന്ദ്രത്തിനാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ ഡല്‍ഹി പൊലീസ് ജോയിന്‍റ് കമ്മീഷണർ എം കെ മീണയെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ മേധാവിയായി ലഫ് ഗവര്‍ണര്‍ നിയമിച്ചിരുന്നു. എന്നാല്‍ ചുമതല ഏറ്റെടുക്കരുതെന്ന് മീണയോടു കെജ്‌രിവാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ലെഫ്. ഗവര്‍ണറുടെ ഉത്തരവനുസരിച്ചു പ്രവര്‍ത്തിക്കുമെന്ന നിലപാടാണ് മീണ സ്വീകരിച്ചത്. അതിനിടെ മീണയുടെ നിയമന ഉത്തരവില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ധര പാല്‍ ഒപ്പ് വെച്ചു. ഇതേത്തുടര്‍ന്നാണ് കേജ്‌രിവാള്‍ സർക്കാർ പ്രിന്‍സിപ്പല്‍ സെക്രട്ടറി ധരം പാലിനെ മാറ്റിയത്.