പൂഴ്ത്തിവയ്പ്പുകാര്‍ ‘ജാഗ്രതൈ‘; കേന്ദ്രം പിടിമുറുക്കും

Webdunia
വ്യാഴം, 19 ജൂണ്‍ 2014 (11:40 IST)
പൂഴ്ത്തിവയ്പ്പുകാരെ പിടിക്കൂടുന്നതിനായി കേന്ദ്രം അവശ്യസാധന നിയമത്തില്‍ ഭേദഗതി വരുത്താന്‍വരുത്താന്‍ ഒരുങ്ങുന്നു. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം കഴിഞ്ഞ മേയില്‍ കുത്തനേ വര്‍ദ്ധിച്ചത്  'പൂഴ്‌ത്തിവയ്‌പിനെ തുടര്‍ന്നാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടിരുന്നു.

അന്നുതന്നെ നിയമത്തില്‍ മാറ്റം വരുത്തന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. നിലവിലുള്ള നിയമപ്രകാരം പൂഴ്‌ത്തിവയ്പിനെതിരെ നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. പല സംസ്ഥാന സര്‍ക്കാരുകളും ഒരു  നടപടിയും സ്വീകരിക്കാറില്ല.

പൂഴ്ത്തിവയ്പ്പുകാരില്‍ പലരും രാഷ്ട്രീയക്കാരുടെ ബിനാമികളാണെന്നതിനാലാണ് ഇത്തരം നടപടികള്‍ നടക്കാതെ പോകുന്നത്. ആരോപണമുയരുമ്പൊള്‍ റെയ്ഡ് പ്രഹസനങ്ങള്‍ നടത്തി വിഷയ്മൊതുക്കുകയാണ് സംസ്ഥാനസര്‍ക്കാരുകള്‍ ചെയ്യുന്നത്.

എന്നാല്‍, കേന്ദ്ര സര്‍ക്കാരാണ് വിലക്കയറ്റം നിയന്ത്രിച്ചില്ലെന്ന പേരുദോഷം കേള്‍ക്കേണ്ടിവരുന്നത്. ഈ സ്ഥിതിക്ക് ഒരു അറുതി വരുത്തും വിധം നിയമത്തില്‍ ഭേദഗതി വരുത്താനാണ് നീക്കം. അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നതും തീരുമാനത്തിന് പ്രചോദനമായി.

തമിഴ്നാട്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ അപൂര്‍വം സംസ്ഥാനങ്ങളിലേ പൂഴ്‌ത്തിവയ്പുകാരെ നിലയ്‌ക്കു നിറുത്താന്‍ നടപടി സ്വീകരിക്കാറുള്ളൂ.ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ വിപണിയില്‍ എത്തിച്ചും ഭക്ഷ്യ എണ്ണയ്ക്കോ പയര്‍ വര്‍ഗങ്ങള്‍ക്കോ ക്ഷാമം അനുഭവപ്പെട്ടാല്‍ ഇറക്കുമതി ചെയ്തും വിലക്കയറ്റം പിടിച്ചുനിറുത്താന്‍ ഇതിനകം തന്നെ നരേന്ദ്ര മോഡി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

രജിസ്ട്രേഷന്റെയും ലൈസന്‍സിന്റെയും രൂപത്തിലായിരിക്കും കേന്ദ്ര ഇടപെടല് ഉണ്ടാകുക‍. സ്റ്റോക്ക് രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കാന്‍ വന്‍കിട വ്യാപാരികളെ നിര്‍ബന്ധിതരാക്കും വിധം നിയമഭേദഗതി വന്നേക്കും. കണക്കില്‍പ്പെടുത്താതെ അവശ്യസാധനങ്ങള്‍ സംഭരിച്ചുവച്ചാല്‍ ലൈസന്‍സ് നഷ്ടമാകുന്ന വിധത്തില്‍ നിയമ ഭേദഗതിക്കാണ് കേന്ദ്രം ആലോചിക്കുന്നത്.