'സ്വച്ഛ് ഭാരത്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ'; ഇനി യാചകര്‍ ഇങ്ങനെ പാടും..!

Webdunia
ചൊവ്വ, 4 ഓഗസ്റ്റ് 2015 (12:21 IST)
യാചകവൃത്തി നിലനില്‍ക്കുക എന്നത് ഒരു രാജ്യത്തിന്റെ അധഃസ്ഥിതിയുടെ മകുടോദാഹരണമാണ്. യാചകവൃത്തി ഇല്ലാതാക്കാനോ, അല്ലെങ്കില്‍ യാചകരെ നഗരങ്ങളില്‍ നിന്ന് ആട്ടിയോടിക്കാനോ ഒക്കെയാണ് ഭരണകൂടം ചെയ്യുക. എന്നാല്‍ യാചകരെ പരസ്യത്തിനായി ഉപയോഗിച്ച ചരിത്രം നിങ്ങള്‍ കേട്ടിട്ടുണ്ടോ?. എന്നാല്‍ ഇതാ നമ്മുടെ കേന്ദ്രസര്‍ക്കാര്‍ യാചകരെ പരസ്യത്തിനായി ഉപയോഗിക്കാന്‍ പോകുന്നു.

അതായത് ഭിക്ഷയെടുക്കാനായി യാചകര്‍ സിനിമാ പാട്ടുകള്‍ പാടുന്നതിനു പകരം  സ്വച്ഛ് ഭാരത്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ സർക്കാർ പദ്ധതികളുടെ പ്രചരണ ഗാനം പാടിക്കുവാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഈ ഗമണ്ടന്‍ ആശയം ചിന്തിച്ചുകൂട്ടിയത് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ്. സംഗതി ഇഷ്ടപൊപെട്ട സര്‍ക്കാര്‍ മന്ത്രാലയത്തിന്റെ സോങ് ആൻഡ് ഡ്രാമ വിഭാഗത്തോടും ഓൾ ഇന്ത്യ റേഡിയോയോടും യാചകർക്കിടയിലെ പദ്ധതിയന്മേൽ പ്രവർത്തിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രമുഖ നഗരങ്ങളിലെ ലോക്കൽ ട്രെയിനുകളിൽ ഭിക്ഷയെടുക്കുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. യാചകർ ഒറ്റയ്ക്കൊറ്റയ്ക്കും കുടുംബമായും ലോക്കൽ ട്രെയിനുകളിൽ ഭിക്ഷയെടുക്കുന്നുണ്ട്. ഇവരില്‍ പലരു വര്‍ഷങ്ങളായി പാട്ടുപാടുന്നവരാണ്. ഇവരെക്കൊണ്ട്സിനിമാ പാട്ടുകള്‍ക്ക് പകരം സര്‍ക്കാര്‍ പദ്ധതികളുടെ പ്രചരണ ഗാനം പാടിക്കാനായി മൂവായിരത്തോളം യാചകർക്കു പ്രത്യേക പരിശീലനം നൽകും. സന്നദ്ധസംഘടനകളുമായും വിദഗ്ധരുമായും ചേർന്നായിരിക്കും പരിശീലനം.

പദ്ധതിയുടെ ആദ്യഘട്ടം അടുത്തമാസം മുംബൈയിൽ ആരംഭിക്കും. സര്‍ക്കാരിന് ചിലവുകുറഞ്ഞ പ്രചരണ മാര്‍ഗവും യാചകര്‍ക്ക് വരുമാനവും ലഭിക്കും. വരുമാനം ലഭിക്കുന്നതിനാല്‍ ഭിക്ഷയെടുക്കേണ്ടതിന്റെ ആവശ്യകതയും കുറയും. അതേസമയം, ഇത്തരം പ്രചാരണത്തിനു കുട്ടികളെ ഉപയോഗിക്കില്ല.  പുതിയ തന്ത്രംവഴി നാഗരിക സമൂഹത്തേയും ഇത്തരം പദ്ധതികളെക്കുറിച്ചു ബോധവൽക്കരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.