കേന്ദ്ര ജീവനക്കാര്‍ സ്വത്ത് വെളിപ്പെടുത്തണം

Webdunia
ചൊവ്വ, 22 ജൂലൈ 2014 (13:36 IST)
എല്ലാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും സ്വത്തു വിവരം വെളിപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ലോക്പാല്‍, ലോകായുക്ത ചട്ടം, 2013 പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ജീവനക്കാര്‍ തങ്ങളുടെ ജീവിതപങ്കാളിയുടെയും മക്കളുടെയും സ്വത്തുവിവരങ്ങളും വെളിപ്പെടുത്തേണ്ടി വരും.
 
വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചിത ഫോം ലഭ്യമാക്കണമെന്നും ചട്ടത്തില്‍ നിര്‍ദ്ദേശിക്ക്യുന്നുണ്ട്. അതേസമയം, അടിസ്ഥാന ശമ്പളത്തിന്റെ നാലു മടങ്ങ്, അഥവാ രണ്ടു ലക്ഷം രൂപ ഇതില്‍ കവിയാത്ത സ്വത്തുവിവരം നല്‍കുന്നതില്‍ ഇളവുണ്ട്. എന്നാല്‍ ഇതിനായി ഉന്നത അധികാരിയുടെ രേഖാമൂലമുള്ള അനുമതി വേണമെന്നു മാത്രം.
 
അല്ലാത്തവര്‍ കൈവശമുള്ള പണം, സ്വര്‍ണം, ബാങ്ക് ഓഹരിവിപണികളിലെ നിക്ഷേപം, വാഹനങ്ങള്‍ തുടങ്ങിയവയുടെ വിശദാംശങ്ങളടക്കം എല്ലാ വര്‍ഷവും ജൂലൈ 31 ന് മുന്‍പായി രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം സ്വത്തുവിവരം ഇതിനകം നല്‍കിയവര്‍ ഓഗസ്റ്റ് ഒന്നിനുള്ള മൂല്യം കണക്കാക്കി പുതുക്കിയ സ്വത്തുവിവരം സെപ്റ്റംബര്‍ 15 നകം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.