ഒരുദിവസം ശിരോവസ്ത്രം ധരിക്കാതിരുന്നാല്‍ വിശ്വാസം ഇല്ലാതാകില്ലെന്ന് സുപ്രീംകോടതി. സിബിഎസ്ഇ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കുവാന്‍ പാടില്ലെന്ന നിര്‍ദേശത്തിനെതിരേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. മുസ്ലിം സംഘടനകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്‌തു.
ഒരുദിവസം ശിരോവസ്ത്രം ധരിച്ചില്ലെന്നുകരുതി വിശ്വാസം ഇല്ലാതാകില്ല. ഇതൊരു ചെറിയ വിഷയം മാത്രമെന്നും സുപ്രീംകോടതി വിലയിരുത്തി. കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തുന്നതിനാവശ്യമായ മാനദണ്ഡങ്ങൾ സ്വീകരിക്കാൻ സിബിഎസ്ഇയ്ക്കു അധികാരമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇതു ഗൌരവമാക്കേണ്ട വിഷയമല്ലെന്നു കോടതി നിരീക്ഷിച്ചു.
അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ കോപ്പിയടി ഉൾപ്പെടെ നിരവധി ക്രമക്കേടുകൾ നടന്നതിനെ തുടർന്നാണ് ശിരോവസ്ത്രത്തിനു സിബിഎസ്ഇ വിലക്കേർപ്പെടുത്തിയത്. ബ്ളൂടൂത്ത് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കുട്ടികള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു വയ്ക്കുവാനുള്ള ശ്രമങ്ങള്‍ തടയുന്നതിനായാണ് ഇത്തരം നടപടി സിബിഎസ്ഇ സ്വീകരിച്ചത്. കേരളത്തില്‍ നിന്നുള്ള രണ്ടു വിദ്യാര്‍ഥികള്‍ക്കു മതാചാര പ്രകാരമുള്ള വസ്ത്രം ധരിക്കുന്നതിനുള്ള അനുമതി ഹൈക്കോടതി നല്‍കിയിരുന്നു. ഇവര്‍ പരീക്ഷ ആരംഭിക്കുന്നതിനു മുമ്പ് തന്നെ സുരക്ഷാ പരിശോധനകള്‍ക്കു വിധേയരാകണമെന്ന നിബന്ധനയും ഹൈക്കോടതി മുന്നോട്ടു വച്ചിരുന്നു.
ക്രമക്കേടുകളെത്തുടർന്ന് റദ്ദാക്കിയ പരീക്ഷ നാളെ വീണ്ടും നടക്കാനിരിക്കെയാണ് സുപ്രീംകോടതിയുടെ നിർണായക വിധി വന്നത്.