‘കര്‍ത്താവിന്റെ ദാസനായ മോഡി’; പ്രധാനമന്ത്രിയെ പിന്തുണച്ച് കത്തോലിക്ക പ്രസിദ്ധീകരണം

Webdunia
ഞായര്‍, 13 ജൂലൈ 2014 (15:24 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പിന്തുണയുമായി കത്തോലിക്ക പ്രസിദ്ധീകരണം. സണ്‍ഡേ ഷാലോം വാരികയില്‍ ‘കര്‍ത്താവിന്റെ ദാസനായ മോഡി’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഖപ്രസംഗം മോഡിയുടെ വിജയം ദൈവം അറിഞ്ഞും അനുവദിച്ചും ഉണ്ടായതാണെന്ന് വ്യക്തമാക്കുന്നു. മോഡി സര്‍ക്കാരിനെ പ്രാര്‍ഥനയിലൂടെ താങ്ങിനിര്‍ത്തേണ്ടത് ഓരോ ക്രൈസ്തവ വിശ്വാസിയുടെയും കടമയാണെന്നും ലേഖനം ആഹ്വാനം ചെയ്യുന്നു. 
 
ശത്രുവെന്ന് കരുതുന്നവരിലൂടെ പോലും ദൈവത്തിന് വിശ്വാസികളെ അനുഗ്രഹിക്കാം. അതുകൊണ്ട് നരേന്ദ്ര മോഡി സര്‍ക്കാരിലൂടെ ദൈവം നാടിനെയും സഭയെയും അനുഗ്രഹിക്കും. മോഡി പ്രധാനമന്ത്രിയായത് വിശ്വാസികളില്‍ ചിലരുടെയെങ്കിലും പ്രതീക്ഷയ്ക്ക് വിരുദ്ധമായിരിക്കാം. എന്നാല്‍ അവരുടെ പ്രാര്‍ഥന ദൈവം കേട്ടില്ല എന്നല്ല തെരഞ്ഞെടുപ്പ് ഫലത്തിന്റെ അര്‍ഥം. രാജ്യനന്മയ്ക്കും നല്ല സര്‍ക്കാരിനും വേണ്ടിയാണ് പ്രാര്‍ത്ഥിച്ചതെങ്കില്‍ ദൈവം നല്‍കിയത് ഏറ്റവും നല്ലതു തന്നെയെന്ന് വിശ്വസിച്ച് മോഡി സര്‍ക്കാരിനെ പിന്തുണയ്ക്കണം. 
 
ഇടയ്ക്കിടെ അധികാരത്തില്‍ നിന്ന് മാറിനില്‍ക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ ശുദ്ധീകരണത്തിനും ശാക്തീകരണത്തിനും നല്ലതാണ്. അത്തരമൊരവസരമാണ് കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ലഭിച്ചിരിക്കുന്നതെന്നും മുഖപ്രസംഗം പറയുന്നു. കേവലഭൂരിപക്ഷമുള്ള പാര്‍ട്ടി ഭരിക്കുന്നത് ഭരണം കൂടുതല്‍ കാര്യക്ഷമവും ഊര്‍ജസ്വലവും ആകാന്‍ വഴിയൊരുക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചാണ് സണ്‍ഡേ ഷാലോം മുഖപ്രസംഗം അവസാനിക്കുന്നത്.