ജാതിക്കുളം കലക്കി മീന്‍ പിടിക്കാന്‍ ആര്‍‌എസ്‌എസ്

Webdunia
തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (15:43 IST)
കേന്ദ്രഭരണത്തില്‍ മൃഗീയ ഭൂരിപക്ഷത്തൊടെ അധികാരത്തിലെത്തിയതിനു പിന്നാലെ അധികാരത്തിന്റെ രഹസ്യചരടുകള്‍ നിയന്ത്രിക്കുന്ന ബിജെപിയുറ്റെ മാതൃ സംഘടനയായ ആര്‍‌എസ്‌എസ് ജാതിയില്‍ വിവാദം സൃഷ്ടിക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ ദളിത്, ആദിവാസി വിഭാഗങ്ങള്‍ ഉണ്ടായതിന്റെ മുഴുവന്‍ കുറ്റവും മധ്യകാലത്തില്‍ ഇന്ത്യയില്‍ അധിനിവേശം നടത്തിയ ഇസ്ലാമിക ഭരണാധികാരികളാണെന്ന് പറയുന്ന വിവാദമായേക്കാവുന്ന് പുസ്തകവുമായാണ് ആര്‍‌എസ്‌എസ് രംഗത്ത് വന്നിരിക്കുന്നത്.

മധ്യകാലഘട്ടത്തിനു മുമ്പ് ഹിന്ദുക്കളില്‍ ഇങ്ങനെയൊരു കൂട്ടരില്ലായിരുന്നു എന്നും ഇസ്ലാമിക ആക്രമണങ്ങളുടെ ഫലമായാണ് ദളിത്, ആദിവാസി തുടങ്ങി താഴ്ന്ന ജാതികള്‍ ഉണ്ടായതെന്നാണ് ആര്‍എസ്എസിന്റെ പുതിയ കണ്ടുപിടുത്തം. ആര്‍‌സ്എസ് ചരിത്രത്തില്‍ ഇടപെടാന്‍ തുടങ്ങുന്നതിനേ ആശങ്കയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

ബിജെപി വക്താവ് വിജയ് ശങ്കര്‍ ശാസ്ത്രി എഴുതിയ ഹിന്ദു ചര്‍മാകര്‍ ജാതി, ഹിന്ദു ഘാട്ടിക് ജാതി, ഹിന്ദു വാല്മീകി ജാതി എന്നീ മൂന്ന് പുസ്തകങ്ങളിലൂടെയാണ് ആര്‍‌സ്എസ് തങ്ങളുടെ അജണ്ട പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിലേക്ക് വന്ന വൈദേശികരായ അറബുകളും മുസ്ലിം ഭരണാധികാരികളും ചന്‍വര്‍വന്‍ഷിയ ക്ഷത്രിയരെ നിര്‍ബന്ധിച്ച് പശുവിനെ കൊല്ലാനും അവയുടെ തോലുരിയാനും ജീര്‍ണിച്ച അവശിഷ്ടങ്ങള്‍ മരുഭൂമിയിലെറിഞ്ഞു കളയാനും പ്രേരിപ്പിച്ച് അവരെ സമൂഹത്തില്‍ നിന്നും ഭ്രഷ്ടരാക്കി മാറ്റിയാണ് ചര്‍മ്മ കര്‍മ്മ ജാതി ഉണ്ടാക്കിയതെന്നാണ് സംഘടനയുടെ രണ്ടാമനായ ഭയ്യാജി ജോഷി വാദിക്കുന്നത്.

മധ്യകാലഘട്ടത്തിലും, മുഗള്‍ ഭരണകാലത്തും ബ്രാഹ്മണര്‍ക്കും ക്ഷത്രിയന്മാര്‍ക്കും എതിരെ ഉണ്ടായ അതിക്രമങ്ങളുടെ ഫലമായാണ് ഇന്നത്തെ വാല്മീകി, സുദര്‍ശന്‍, മജബി, സിഖ് തുടങ്ങി 624 ഉപജാതികള്‍ ഉണ്ടായതെന്നാണ് മറ്റൊരു നേതാവ് സുരേഷ് സോണി കണ്ടെത്തിയിരിക്കുന്നത്. വിഷയം കൂടുതല്‍ ആളിക്കത്തിക്കാനുതകുന്ന തെളിവുകളും പഠനങ്ങളും ശേഖരിക്കുന്നതിനായി ചരിത്രകാരന്മാരുമായി ആര്‍‌സ്എസ് സംഘടന രഹസ്യ യോഗങ്ങള്‍ ചേരുന്നതായും വാര്‍ത്തകളുണ്ട്.

ഹിന്ദു വേദഗ്രന്ഥങ്ങളില്‍ ശൂദ്രജാതി ഒരിക്കലും തൊട്ടുകൂടാത്തവര്‍ ആയിരുന്നില്ലെന്നും മധ്യകാലഘട്ടത്തിലെ ഇസ്ലാമിക അതിക്രമങ്ങളാണ് തൊട്ടുകൂട്ടാത്തവരെയും, ദളിതുകളെയും ഇന്ത്യന്‍ മുസ്ലിങ്ങളെയും സൃഷ്ടിച്ചത്, ചരിത്രാതീത കാലഘട്ടത്തിലും വേദകാലത്തും ഘാട്ടിക് ജാതികളെ ബ്രാഹ്മണന്മാരായാണ് അംഗീകരിച്ചിരുന്നത്, മുസ്ലിം ആക്രമണകാരികളുടെ വരവിന് മുമ്പ് ഇന്ത്യയില്‍ പന്നിയെ വളര്‍ത്തുന്ന രീതിയും ഉണ്ടായിരുന്നില്ല, അഭിമാനികളായ ഹിന്ദുക്കള്‍ക്കുള്ള ശിക്ഷയായി അവരെ ഭ്രഷ്ടരാക്കുന്ന് കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുത്ത്തി, ദളിത് ജാതികളുടെ ഉത്ഭവം തന്നെ ഇസ്ലാം, മുഗള്‍ കാലഘട്ടത്തിലാണ് തുടങ്ങിയ വിവാദമായേക്കാവുന്ന് നിരവധി പ്രഖ്യാപനങ്ങളാണ് ഈ പുസ്തകങ്ങളിലൂടെ ഇനി പ്രചരിക്കാന്‍ പോകുന്നത്.

ദളിതുകളെയും മറ്റ് താഴ്ന്ന ജാതികളെയും അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആര്‍എസ്എസ് ചരിത്രത്തില്‍ തന്നെ ഇടപെട്ടുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ദളിതുകളിലേക്കും ഒബിസികള്‍ക്കും ഇടയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള തന്ത്രമായി ഇതിനേ കാണുന്നവരും കുറവല്ല. എല്ലാ ഹിന്ദുക്കളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ആര്‍‌സ്എസിന്റെ എക്കാലത്തേയും ലക്ഷ്യം സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് പുസ്തകം രംഗത്തിറക്കിയിരിക്കുന്നത്.

ആര്‍‌സ്എസ് തലവന്‍ മോഹന്‍ ഭാഗവതാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വാദങ്ങള്‍ ഇന്ത്യയില്‍ വന്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങളും ഇടയാക്കാനുദ്ദേശിച്ചു തന്നെയാണ് സംഘടനയുടെ നീക്കം. അതുവഴി തങ്ങളുടെ ആശയം വളരെപ്പെട്ടന്ന് സാധാരണക്കാരായ ദളിതരിലും മറ്റും എത്തിക്കാനാണ് സംഘടനയുടെ നീക്കം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.