ബുദ്ധ പൂര്‍ണിമ ദിനത്തില്‍ അന്താരാഷ്ട്ര ബുദ്ധമത സമ്മേളനം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍
വ്യാഴം, 30 ഏപ്രില്‍ 2015 (19:08 IST)
ബുദ്ധമതത്തിന് ജന്മം നല്‍കിയ ഇന്ത്യയില്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബുദ്ധ പൂര്‍ണിമ വിപുലമായി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ രണ്ട് വട്ടം മാത്രമാണ് സർക്കാരിന്റെ നേതൃത്വത്തിൽ വിപുലമായ ആഘോഷം നടന്നത് . 1956 ലും 2007 ലും. അവസാനം ബുദ്ധപൂര്‍ണിമ ആഘോഷങ്ങള്‍ക്ക് ശേഷം ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ ഇതിന് പിന്തുണ ഉണ്ടായിരുന്നില്ല. ഈ അവസ്ഥയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്താന്‍ പോകുന്നത്.
ബൗദ്ധ പാരമ്പര്യത്തെയും പൈതൃകത്തെയും സംരക്ഷിക്കാനും ബുദ്ധമത സന്ദേശം പ്രചരിപ്പിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ഈ ആഘോഷത്തിലൂടെ ഉദ്ദേശിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര ബുദ്ധമത സമ്മേളനം ഇന്ത്യയില്‍ നടത്തുമെന്നാണ് വിവരങ്ങള്‍. ബുദ്ധ പൂർണിമ ദിനമായ മെയ് നാലിനാകും സമ്മേളനം നടക്കുക. ഡല്‍ഹിയിലെ തൽകഠോര സ്റ്റേഡിയത്തിലാണ് സമ്മേളനങ്ങള്‍ നടക്കുക. ബുദ്ധപൂര്‍ണീമ ദിനത്തില്‍ നടക്കുന്ന പ്രത്യേക പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും പങ്കെടുക്കും.
അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷനിൽ അംഗമായിട്ടുള്ള വിവിധ സംഘടനകളും ബുദ്ധ മത സന്യാസിമാരും പാര്‍ലമെന്റ് അംഗങ്ങളും സമ്മേളനത്തിനെത്തുമെന്നാണ് വിവരം. അന്നേദിവസം ഭൂകമ്പത്തിൽ തകർന്ന ബുദ്ധന്റെ ജന്മനാട് നേപ്പാളിനു വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടക്കും. ബുദ്ധന്റെ ജ്ഞാനോദയവും ആദ്യ പ്രബോധനവും മഹാപരിനിർവാണവും നടന്നത് ഇന്ത്യയിലാണ്. അതുകൊണ്ട് തന്നെ മുസ്ലിങ്ങൾക്ക് മെക്കയും ക്രിസ്ത്യാനികൾക്ക് ബെത് ലഹേമും പോലെയാണ് ബുദ്ധമത വിശ്വാസികൾക്ക് ഇന്ത്യ. കേന്ദ്ര മന്ത്രിസഭയില്‍ ഏക ബുദ്ധമതക്കാരനായ മന്ത്രിയാണ് കിരൺ റിജിജു.