ഉരുൾപൊട്ടൽ ഭീഷണി അധികമുള്ള സംസ്ഥാനങ്ങളുടെ മുൻനിരയിൽ കേരളവും

വ്യാഴം, 30 ഏപ്രില്‍ 2015 (16:53 IST)
കേരളം തീവ്രത കുറഞ്ഞ ഭൂകമ്പ മേഖലയയില്‍ ഉള്‍പ്പെട്ട പ്രദേശമാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്തെ 350 ഗ്രാമങ്ങള ഉരുള്‍പൊട്ടല്‍ ഭീഷണിയുടെ നിഴലിലാണെന്നാണ് വിവരം. ‍ദുരന്തനിവാരണ പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ കേന്ദ്ര ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേരളത്തിലെ ഉരുള്‍പൊട്ടല്‍ ഭീഷണിയേക്കുറിച്ച് പറയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

സംസ്ഥാനത്തെ ദുരന്തപ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ച സംബന്ധിച്ച് കേന്ദ്ര എജൻസികൾ തയ്യാറാക്കിയ റിപ്പോർട്ട് അക്കമിട്ട് വിവരിക്കുന്നു. ഇതിൽ പ്രധാനം ഉരുൾപൊട്ടൽ സാധ്യത 48 മണിക്കൂറിന് മുൻപ് പ്രവചിയ്ക്കാൻ ശേഷിയുള്ള ഡോപ്ലർ റഡാർ സംവിധാനം സംസ്ഥാനത്ത് ഇതുവരെയും സ്ഥാപിച്ചിട്ടില്ല എന്നതാണ്. സംസ്ഥാനത്ത് എറ്റവും അധികം ദുരന്തസാധ്യതയുള്ള ജില്ല ഇടുക്കിയാണെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ എജൻസികളുടെ റിപ്പോർട്ട്. ഇടുക്കിയിലെ 57 വില്ലേജുകൾ ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളുടെ നിഴലിലാണ്. ജില്ലയിലെ 42 വില്ലേജുകളിൽ എത് സമയത്തും ഉരുൾപൊട്ടൽ സാധ്യത നിലനില്ക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

തിരുവനന്തപുരത്ത് ആറ്, കൊല്ലത്ത് 18 ഉം കോട്ടയത്ത് 26ഉം പത്തനംതിട്ടയിൽ 27ഉം വില്ലേജുകൾക്കാണ് ഉരുൾപൊട്ടൽ ഭീഷണി. എറണാകുളത്ത് ഏഴും, ത്യശ്ശൂരിൽ 12 ഉം പാലക്കാട് 35 ഉം വില്ലേജുകളിൽ ഉരുൾപൊട്ടൽ ഉണ്ടാകാം. മലപ്പുറത്തെ 38 ഉം കോഴിക്കോട്ടെ 26 ഉം വയനാട്ടെ 27ഉം കണ്ണൂരിലെ 33 ഉം കാസർകോട് 38 ഉം വില്ലേജുകളിലും ഉരുൾപൊട്ടൽ വെല്ലുവിളി ഉയർത്തുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഉരുൾപൊട്ടൽ സാധ്യതയുള്ള വില്ലേജുകൾക്ക് പുറമേ  അതീവ പ്രക്യതി ദുരന്തസാധ്യതയുള്ള 900 വില്ലേജുകളുടെ വിശദാംശങ്ങളും കേന്ദ്ര രഹസ്യാന്വേഷണ എജൻസികൾ റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക