ബ്രഹ്മോസ് അസ്ത്രമെയ്യാൻ സുഖോയ് 30 എംകെഐ പൊഖ്റാനിൽ ഒരുങ്ങുന്നു

Webdunia
ചൊവ്വ, 23 ഓഗസ്റ്റ് 2016 (15:20 IST)
സുഖോയ് യുദ്ധവിമാനത്തിൽ നിന്നുള്ള ബ്രഹ്മോസ് മിസൈൽ പരീക്ഷണം അടുത്ത ദിവസങ്ങളിൽ നടന്നേക്കുമെന്ന് സൂചന. നാളെ മുതൽ 26 വരെ സുഖോയ് 30 എംകെഐയിൽ നിന്നുള്ള ബ്രഹ്മോസ് മിസൈൽ ട്രയൽ ഡ്രോപ്പ് പൊഖ്റാനിൽ വച്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ട്രയല്‍ ഡ്രോപ്പ് നടക്കുകയാണെങ്കില്‍ ഈ വിമാനത്തില്‍ നിന്നുള്ള ബ്രഹ്മോസ് വിക്ഷേപണം നവംബർ അവസാനമോ ഡിസംബർ ആദ്യമോ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
 
ബ്രഹ്മോസ് മിസൈലിനോട് സമാനമായ തരത്തിലുള്ള ഡമ്മി മിസൈൽ ഉപയോഗിച്ചായിരിക്കും പരീക്ഷണം നടത്തുക. എന്നാല്‍ എന്‍‌ജിനോ സ്പോടക് വസ്തുക്കളോ ഇതില്‍ ഉണ്ടായിരിക്കില്ല. സുഖോയിൽ നിന്നു മിസൈൽ വിക്ഷേപണത്തിനു ശേഷം എയർക്രാഫ്റ്റിനുണ്ടാകുന്ന സാഹചര്യങ്ങൾ മനസിലാക്കുന്നതിനും മിസൈൽ വിക്ഷേപണത്തിന്റെ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതിനുമാണ് പരീക്ഷണം നടത്തുന്നത്. യഥാർഥ വിക്ഷേപണം നടത്തുന്നതിനു മുമ്പ് ഇതെല്ലാം കൃത്യമായില്ലെങ്കില്‍ അപകടങ്ങള്‍ സംഭവിക്കുമെന്നതിനാണ് പരീക്ഷണം.
 
ലോകത്തിലുള്ള ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. സുഖോയ് 30 വിമാനങ്ങൾക്കു മാത്രമാണു ബ്രഹ്മോസ് മിസൈൽ വഹിക്കാനുള്ള ശേഷിയുള്ളത്. ഇതിനു വേണ്ടിയാണ് ബെംഗളുരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ നിന്ന് പരിഷ്കരിച്ച ഈ വിമാനം 2015 ഫെബ്രുവരിയിലായിരുന്നു വ്യോമസേനയ്ക്കു കൈമാറിയത്. കര-നാവിക-വ്യോമ സേനകൾക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകളും ഇവിടെ തയാറാക്കിയിട്ടുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article