കള്ളപ്പണക്കാര്‍ക്ക് ആശ്വാസം, തല്‍ക്കാലം പേര് കോടതി പുറത്തുവിടില്ല

Webdunia
ബുധന്‍, 29 ഒക്‌ടോബര്‍ 2014 (11:34 IST)
കള്ളപ്പണത്തില്‍ നിലപട് കാര്‍ക്കശ്യപ്പെടുത്തിയ സുപ്രീം കോടതി ഒടുവില്‍ സര്‍ക്കാര്‍ വാദം അംഗീകരിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പേര് വിവരങ്ങള്‍ പുറത്തുവിടു എന്നാണ് ഇപ്പോള്‍ സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.

വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള മുഴുവന്‍ പേരുടെ പട്ടികയും കേന്ദ്ര സര്‍ക്കാര്‍ ഇന്ന് രാവിലെ സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. ഫ്രാന്‍സും ജര്‍മനിയും നല്‍കിയ പേരുകളാണ് കോടതിക്ക് നല്‍കിയത്. ഈ പേരുകള്‍ പ്രത്യേകാന്വേഷണസംഘത്തിന് കോടതി നല്‍കി.  627 പേരുടെ പട്ടികയാണ് മുദ്ര വച്ച മൂന്ന് കവറുകളിലായി അറ്റോര്‍ണി ജനറല്‍ കൈമാറിയത്. പട്ടിക കൈമാറിയ അവസരത്തില്‍ പട്ടികയിലെ പേരുകള്‍ പുറത്ത് വിടുരുതെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടിരുന്നു.

വിദേശത്തെ കള്ളപ്പണ നിക്ഷേപക്കാര്‍ക്കെതിരായ അന്വേഷണത്തിന് സുപ്രീംകോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. എന്നാല്‍ പേരുകള്‍ വെളിപ്പെടുത്തുന്നത് അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാകുമെന്നാണ് സര്‍ക്കാ‍ര്‍ കോടതിയെ അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് താല്‍കാലികമായി പേരുവിവരം രഹസ്യമായി സൂക്ഷിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ പട്ടികയിലെ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിക്കും. അതിന് ശേഷം പേര് വിവരം പുറത്തുവിടുന്നതില്‍ അന്തിമ തീരുമാനം ഉണ്ടാകും. പട്ടികയുടെ രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പേരുവിവരങ്ങള്‍ പുറത്ത് വിടരുതെന്നും കോടതി വ്യക്തമാക്കി. അടുത്ത മാസം അവസാനത്തോട് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്ന സൂചനയാണ് സുപ്രീംകോടതിയില്‍ നിന്ന് ലഭിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.