നടന്‍ പ്രകാശ് രാജ് കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ച വേദിക്കുചുറ്റും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു. സംക്രാന്ത്രി ദിവസം സിറ്റി യൂണിറ്റ് നേതാവായ വിശാല്‍ മറാട്ടെയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ സ്ഥലത്തെത്തിയാണ് ഗോമൂത്രം തളിച്ചത്.
കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എംപിയുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ പ്രസംഗത്തിനിടെ പ്രകാശ് രാജ് രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതാണ് യുവമോർച്ച പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ഇടതു ചിന്തകർ ആയിരുന്നു പരിപാടിയുടെ സംഘാടകര് എന്നതും ശ്രദ്ധേയമാണ് .
സ്വയം ബുദ്ധിജീവികള്‍ എന്നു വിചാരിക്കുന്നവര്‍ ഇത്തരത്തിലൊരു പരിപാടി പ്രദേശത്ത് സംഘടിപ്പിച്ചതിലൂടെ തങ്ങളുടെ ആരാധനായിടം അശുദ്ധമാക്കിയെന്ന് വിശാല്‍ മറാട്ടെ ആരോപിച്ചു. ഹിന്ദു ദൈവങ്ങളെ നിന്ദിക്കുന്നവരും ഗോമാംസം കഴിക്കുന്നവരുമായ ചിലര്‍ വന്നതോടെ സിര്‍സ നഗരം മലിനമായിയെന്നും ഇങ്ങനെയുള്ളവർക്ക് ജനങ്ങള്‍ മാപ്പു നല്‍കില്ലെന്നും മറാട്ടെ പറഞ്ഞു. പ്രകാശ് രാജ് സാമൂഹ്യ വിരുദ്ധനാണെന്ന് കൂട്ടിച്ചേർക്കാനും ബിജെപി മറന്നില്ല.
അതേസമയം ബിജെപിയുടെ 'ഗോമൂത്രം തളിച്ചുള്ള പ്രതിഷേധത്തില്‍' മറുപടിയുമായി പ്രകാശ് രാജ് രംഗത്തെത്തി. ഞാന്‍ പോകുന്ന എല്ലായിടത്തും നിങ്ങള്‍ ശുദ്ധീകരണം നടത്തുണമെന്ന് അദ്ദേഹം പരിഹാസരൂപേണ ട്വിറ്ററില്‍ കുറിച്ചു.