മഹാരാഷ്ട്രയില്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കോളമെത്തിയ ശിവസേന- ബിജെപി സഖ്യം സമവായത്തിലെത്തിയേക്കും. ഇന്നലെ രാത്രി ബിജെപി ശിവസേന നേതാക്കള്‍ നടത്തിയ ചര്‍ച്ച സമയവായ സൂചനകള്‍ നല്‍കിയാണ് പിരിഞ്ഞത്. നിയമസഭാ സീറ്റിന്റെ കാര്യത്തില്‍ ഇരുപാര്‍ട്ടികളും വിട്ടുവീഴ്ച ചെയ്തേക്കും.
ബിജെപി നേതാവ് ഒ പി മാഥൂറുമായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, മകന്‍ ആദിത്യ താക്കറെ, മുതിര്‍ന്ന നേതാവ് സുഭാഷ് ദേശായി എന്നിവരാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ സമവായ സാധ്യത തെളിഞ്ഞെങ്കിലും അന്തിമതീരുമാനമായിട്ടില്ല. കഴിഞ്ഞ 25 വര്‍ഷം ബിജെപി ജയിക്കാത്ത 19 സീറ്റുകള്‍ ശിവസേനയ്ക്ക് നല്‍കാമെന്നും പകരം ശിവസേന പതിവായി തോല്‍ക്കുന്ന 59 സീറ്റില്‍ 32 എണ്ണം തിരിച്ചുനല്‍കണമെന്ന ആവശ്യമാണ് ബിജെപി മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിന് ശിവസേന വഴങ്ങിയില്ലെങ്കിലും പൂര്‍ണമായും തള്ളിയിട്ടില്ല.
ഇന്ന് തുടരുന്ന ചര്‍ച്ചകളില്‍ സമവായമുണ്ടാകുമെന്നാണ് സൂചന. 288 നിയമസഭാസീറ്റില്‍ 135 എണ്ണം വേണമെന്നാണ് ബിജെപി ആദ്യം ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യത്തില്‍ ഇത് 125 വരെ കുറയ്ക്കാന്‍ ബിജെപി തയ്യാറാകുമെന്നാണ് സൂചന.